ബ്ലൂ ടൂത്ത് വഴി കോപ്പിയടി; ഉദ്യോഗാർഥിയും സഹായിയും പിടിയിൽ

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ പരീക്ഷയ്‌ക്കിടെ കോപ്പിയടിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. വിഴിഞ്ഞം പനവിള സ്വദേശി അനീഷ്, ഇയാളെ സഹായിച്ച തിരുവനന്തപുരം സ്വദേശി അരുണ്‍ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്‌തത്. അനീഷ് ഇയാള്‍ ബ്ലൂ ടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കുകയായിരുന്നു. കാലടി ഗവ സ്‌കൂളിലായിരുന്നു സംഭവം. കോപ്പിയടിക്കുന്നത് സൂപ്പർവൈസറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യപേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് അയച്ച ശേഷം ബ്ലൂട്ടൂത്ത് വഴി ഉത്തരം എഴുതുകയായിരുന്നു. ഇതാണ് പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ കൈയ്യോടെ പൊക്കിയത്. ഇരുവരും പൊലീസ് കസ്റ്റഡിയില്‍ ആണെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ കെ. കാര്‍ത്തിക് ഐപിഎസ് പറഞ്ഞു.
ഒറ്റനോട്ടത്തിൽ ദൃഷ്‌ടിയിൽപെടാത്ത ക്യാമറയും വൈഫൈ സംവിധാനവുമായി ഹൈടെക് കോപ്പിയടി നടത്തുന്നത് കേരളത്തിൽ ഇതാദ്യമായല്ല. ഹാൾടിക്കറ്റും പേനയും മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂവെന്നിരിക്കെ ഇൻവിജിലേറ്റർമാരുടെ ശ്രദ്ധയിൽപെടാത്ത ആധുനിക ഉപകരണങ്ങളുമായി കണ്ണൂരിൽ ഉദ്യോഗാർഥി എത്തിയതും വലിയ വാർത്തയായിരുന്നു. അന്നേ ദിവസം രാവിലെ നടന്ന പരിശോധനയിൽ ഉദ്യോഗാർഥിയുടെ ശരീരത്തിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തിയിരുന്നില്ല. ഉദ്യോഗാർഥിയുടെ അസ്വാഭാവിക പെരുമാറ്റം കണ്ടു സംശയം തോന്നിയാണ് ഉച്ചയ്ക്കുശേഷം പരീക്ഷയ്ക്കു മുൻപേ വീണ്ടും പരിശോധന നടത്തിയതും പിടികൂടിയതും.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ നടന്ന പരീക്ഷയിൽ കണ്ണൂർ സ്വദേശി സഅദ് ആണ് പിടിയിലായത്. ഹൈടെക് കോപ്പിയടി തടയാൻ പിഎസ്‌സി പരീക്ഷാഹാളിൽ മൊബൈൽ ജാമർ സ്ഥാപിക്കണമെന്ന് പിഎസ്‌സി കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ആധുനിക സംവിധാനങ്ങളോടെ ഒരു ഉദ്യോഗാർഥി കോപ്പിയടി നടത്താനെത്തിയാൽ നിലവിലെ സംവിധാനത്തിൽ പരിശോധിച്ചു കണ്ടെത്തുക പ്രയാസമാണ്.കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു എസ്‌എഫ്‌ഐ നേതാക്കളുടെ കോപ്പിയടി. 2018ൽ വലിയ വാർത്തയായിരുന്നു ഇത്. 2018 ജൂലൈയില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ഉയര്‍ന്ന റാങ്കായിരുന്നു ലഭിച്ചത്. കോളേജിലെ കത്തിക്കുത്ത് കേസില്‍ ഇവര്‍ പ്രതിയായതിന് പിന്നാലെയാണ് എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടിയും പുറത്തായത്.