മട്ടൺ ബിരിയാണിയിൽ ചത്ത പഴുതാര: "ഉപഭോക്താവിന് 1.05 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം " :കോടതി

മട്ടൺ ബിരിയാണിയിൽ ചത്ത പഴുതാര: "ഉപഭോക്താവിന് 1.05 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം " :കോടതി

ചെന്നൈ : ഹോട്ടലിൽ നിന്നും വാങ്ങിയ മട്ടൺ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയതിനെ തുടർന്ന് ഉപഭോക്താവിന് 1.05 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ചെന്നൈ ഉപഭോക്തൃ കോടതി. ചെന്നൈയിലെ ഏറ്റവും പ്രശസ്‌തമായ ബിരിയാണി ഔട്ട്‌ലെറ്റുകളിലൊന്നായ 'എസ് എസ് ഹൈദരാബാദിൻ്റെ' പേരാമ്പൂരിലെ ശാഖയ്‌ക്കെതിരെയാണ് കോടതിയുടെ ഈ കർശന നടപടി.

ബിരിയാണിയിൽ വിഷജന്തുവിനെ കണ്ടെത്തിയതു വഴി കുടുംബത്തിനുണ്ടായ കടുത്ത മാനസിക പ്രയാസങ്ങളും, ഉപഭോക്താവിൻ്റെ പരാതിയോട് അർഹമായ രീതിയിൽ പ്രതികരിക്കാതിരുന്ന ഹോട്ടൽ മാനേജ്‌മെൻ്റിൻ്റെ ഗുരുതരമായ സേവന വീഴ്‌ചയും മുൻനിർത്തിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ചെന്നൈ എരുക്കഞ്ചേരി സ്വദേശിയായ അഹമ്മദ് സിദ്ദിഖ് (45) എന്നയാളാണ് നീതി തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷമായിരുന്നു സിദ്ദിഖിൻ്റെ വിവാഹം. തുടർന്ന് ഡിസംബർ 28-ന് അണ്ണാശാലയ്ക്ക് സമീപമുള്ള എല്ലിസ് റോഡിലെ ഭാര്യവീട്ടിൽ ഒരു വിവാഹാനന്തര ചടങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം. വീട്ടിലെത്തിയ ബന്ധുക്കൾക്ക് നല്ലൊരു സൽക്കാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സിദ്ദിഖ് പേരാമ്പൂരിലെ 'എസ് എസ് ഹൈദരാബാദ്' ഔട്ട്‌ലെറ്റിൽ നിന്നും 3,500 രൂപ വിലവരുന്ന ഒരു ബക്കറ്റ് മട്ടൺ ബിരിയാണി വാങ്ങിയത്.എന്നാൽ സൽക്കാരത്തിനിടെ ബന്ധുക്കൾക്ക് ബിരിയാണി വിളമ്പിയപ്പോഴാണ് അതിൽ ചത്ത നിലയിൽ കിടക്കുന്ന ഭീമൻ പഴുതാരയെ കണ്ട് എല്ലാവരും ഞെട്ടിയത്. ഇതോടെ സന്തോഷത്തോടെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങും സൽക്കാരവും പൂർണമായും അലങ്കോലപ്പെടുകയും ബന്ധുക്കൾക്കിടയിൽ വലിയ മാനസിക വിഷമത്തിന് ഇത് കാരണമാവുകയും ചെയ്‌തു. ഉടൻ തന്നെ സിദ്ദിഖ് ബിരിയാണി ഔട്ട്‌ലെറ്റ് അധികൃതരുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും തൃപ്‌തികരമായ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതോടെയാണ് അദ്ദേഹം ചെന്നൈ നോർത്ത് ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റെഡ്രെസൽ കമ്മീഷനിൽ ഔദ്യോഗികമായി പരാതി ഫയൽ ചെയ്‌തത് .