സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യന്ത്രി ഗവർണ്ണറെ കണ്ടു : സത്യപ്രതിജ്ഞ മെയ് 18 ന്
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിനു പിന്നാലെ മന്ത്രിസഭാ രൂപീകരണവുമായ തിരക്കിട്ട നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു. ഇതിനു മുന്നോടിയായി ഇന്ന് കോണ്‍ഗ്രസ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗം ചേർന്ന് വി ഡി സതീശനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സതീശൻ്റെ പേര് നിര്‍ദ്ദേശിക്കുകയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പിന്താങ്ങുകയും ചെയ്‌തു. എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.പിന്നാലെ സര്‍ക്കാരിനെ പിന്തുണച്ചു കൊണ്ട് 63 എംഎല്‍എമാരുടെ ഒപ്പോടുകൂടിയ പിന്തുണ കത്തില്‍ എല്ലാ എംഎല്‍എ മാരും ഒപ്പിട്ടു.മുഖ്യമന്ത്രിയെ നിശ്ചയിച്ചുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന രമേശ് ചെന്നിത്തല യോഗത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹം പിന്തുണ കത്ത് തയ്യാറാക്കി മുന്‍ കൂര്‍ ഏല്‍പ്പിച്ചിരുന്നു. അസുഖബാധിതനായി വിശ്രമിക്കുന്ന തൃപ്പൂണിത്തുറ എംഎല്‍എ ദിപക് ജോയിയും യോഗത്തിനെത്തിയില്ല. അദ്ദേഹവും സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പിട്ട കത്തു നല്‍കി.പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ മാരുടെ കത്തും ഘടകക്ഷി എംഎല്‍എ മാരുടെ കത്തും ഉള്‍പ്പെടെ 102 പേരുടെ പിന്തുണ അടങ്ങിയ കത്തുമായി വി ഡി സതീശന്‍ ലോക് ഭവനിലെത്തി. കത്ത് ഗവര്‍ണര്‍ക്കു കൈമാറി.
സത്യപ്രതിജ്ഞ മെയ് 18 ന്
തിങ്കളാഴ്‌ച(മെയ് 18) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മുഖ്യമന്ത്രിമാരെത്തും.തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യ പ്രതിജ്ഞാ ചടങ്ങിനെത്തിയേക്കുമെന്നൊരു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയെ അദ്ദേഹത്തിൻ്റെ വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടി.കൊടിക്കുന്നില്‍ സുരേഷ് എംപിയും കെ പി നൗഷാദലിയും മുഹമ്മദ് ഷിയാസും ഒപ്പമുണ്ടായിരുന്നു. പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശനെ നിരവധി എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി അനുമോദനം അറിയിച്ചു.
രമേശ് ചെന്നിത്തലയോട് അടുപ്പം പുലര്‍ത്തുന്ന എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, റോണി കെ ബേബി, മുന്‍ എംഎല്‍ എ ജോസഫ് വാഴയ്ക്കന്‍ എന്നിവരും സതീശനെ കാണാനെത്തി. സിഎംപി നേതാവ് സിപി ജോണ്‍, പാലായില്‍ നിന്നു വിജയിച്ച മാണി സി കാപ്പന്‍ എന്നിവരും അനുമോദനങ്ങളുമായി എത്തി. സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ സംഘവും നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ആശംസ കൈമാറി. ഗവര്‍ണറെ സന്ദർശിച്ച ശേഷം വി ഡി സതീശന്‍ ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നാളെ യുഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗം യുഡിഎഫ് നേതാവായി വി ഡി സതീശനെ തെരഞ്ഞടുക്കും.

