കാസർകോട് ശൈശവ വിവാഹം; പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെ കേസ്

കാസർകോട്: എടച്ചാക്കൈ അഴീക്കൽ ജുമാമസ്‌ജിദിൽ ശൈശവ വിവാഹം നടത്തിയെന്ന് പരാതി. സംഭവത്തിൽ പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. എടച്ചാക്കൈ അഴീക്കൽ ജുമാമസ്‌ജിദിൽ ഏപ്രിൽ 13 നാണ് ശൈശവ വിവാഹം നടന്നതായി പറയുന്നത്.എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും എടച്ചാക്കൈ അഴീക്കാൽ ജുമാമസ്‌ജിദിൽ സെക്രട്ടറിയുമായ പി. കെ താജുദ്ദീൻ, ജുമാ ജുമാമസ്‌ജിദിൽ ഉസ്‌താദ് റഹ്മത്തുള്ള എന്നിവരുടെ പേരിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ശൈശവ വിവാഹ നിരോധന ഓഫിസർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് ചന്തേര പൊലീസ് കേസെടുത്തത്. പ്രവാസിയായ 28 കാരനാണ് 16 വയസുകാരിയെ വിവാഹം ചെയ്‌തതായി പരാതിയിൽ പറയുന്നത്.
അന്വേഷണം ഇങ്ങനെ
അന്വേഷണം നടത്തിയതിൻ്റെ വിശദമായ റിപ്പോർട്ട് ശൈശവ വിവാഹ നിരോധന ഓഫിസർ ഹൊസ്‌ദുർഗ് ഫസ്റ്റ് ക്ലാസ്സ് സ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് കേസ് എടുത്തത്. മറ്റൊരു റിപ്പോർട്ട് ജില്ലാ ചൈൽഡ് ലൈനും കൈമാറിയിരുന്നു. റിപ്പോർട്ടിൽ ശൈശവ വിവാഹം നടന്നതായി വ്യക്തമാക്കിയിട്ടുണ്ട്. നിയമംമൂലം നിരോധിച്ച ശൈശവ വിവാഹം തടയുന്നതിന് ചൈൽഡ് ലൈൻ തുടർ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറും അറിയിച്ചിരുന്നു. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്‌തു കൊടുത്തുവെന്ന കാസർകോട് ചൈൽഡ് ലൈനിൽ നാട്ടുകാർ പരാതി നൽകിയതായി പറയുന്നു.തുടർന്നാണ് ജില്ലാ ശിശു ക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പതിനാറുകാരി താമസിക്കുന്ന മഹല്ലിലെ കമ്മിറ്റി വിവാഹം നടത്തി കൊടുത്തിരുന്നില്ല. ഇതിനാലാണ് വരൻ്റെ നാട്ടിൽ വിവാഹം നടന്നത്. ഏപ്രിൽ 13 നായിരുന്നു ഉസ്‌താദിൻ്റെ കാർമികത്വത്തിൽ പള്ളിയിൽ വിവാഹം നടന്നത്. നാട്ടിലെ ഒരു സംഘം യുവാക്കൾ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.