തലസ്ഥാനത്ത് പുതുവിപ്ലവം രചിക്കാനായി ' യുവ പാറ്റകൾ 'നിറയുന്നു ...വേറിട്ട സമരവുമായി സിജെപി

ന്യൂഡല്‍ഹി: നിരവധി പ്രമുഖ രാഷ്ട്രീയപാർട്ടികളും അവരുടെ വിദ്യാർത്ഥി സംഘടനകളും സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യാമഹാരാജ്യത്തിൻ്റെ  തലസ്ഥാനം  ഇന്ന് ഒരു ചരിത്ര നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 

നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ആദ്യത്തെ വൻ പ്രക്ഷോഭം ഇന്ന് ഡൽഹി ജന്തർ മന്ദറിൽ അരങ്ങേറുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഒരു കൊച്ചു തമാശ, ഇന്ന് രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും വലിയൊരു വിപ്ലവമായി മാറിയിരിക്കുന്നു.പ്രതിഷേധത്തിന് നേതൃത്വം നൽകാനായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അമേരിക്കയിൽ നിന്നും ഇന്ന് രാവിലെ എട്ട് മണിയോടെ ഡൽഹിയിൽ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വിമാനത്താവളത്തിൽ ജനക്കൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളോട് വിമാനത്താവളത്തിലേക്ക് വരരുതെന്ന് അദ്ദേഹം മുൻകൂട്ടി അഭ്യർത്ഥിച്ചിരുന്നു. എങ്കിലും വലിയ സുരക്ഷാ മുന്നൊരുക്കങ്ങളാണ് ഡൽഹി പൊലീസ് വിമാനത്താവളത്തിലും ജന്തർ മന്ദറിലും ഒരുക്കിയിരിക്കുന്നത്.രാഷ്ട്രീയ ഭേദമന്യേ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന ഈ സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം പ്രകാശ് രാജ്, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയും സമരത്തിൽ നേരിട്ട് പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. "പൂക്കളും പുസ്തകങ്ങളുമായി വരൂ" എന്ന് ആഹ്വാനം ചെയ്‌ത് സമാധനപരമായാണ് സിജെപിയുടെ പ്രതിഷേധം.

"കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണം"

ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോക്രോച്ച് ജനതാ പാർട്ടി വക്താക്കൾ ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർന്നുവെന്നും കോടിക്കണക്കിന് വിദ്യാർഥികൾ കടുത്ത ആശങ്കയിലാണെന്നും എക്സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അവർ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് ആറ് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. യാതൊരു കഴിവുമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയെ ഉടൻ പുറത്താക്കി ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും അവർ നിർദേശിച്ചു.വിദ്യാഭ്യാസ മേഖലയെ പഴയപടിയാക്കുന്നതിനായി ജന്തർ മന്ദിറിൽ നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാർട്ടി വക്താക്കൾ അറിയിച്ചു. വിദ്യാർഥികളുടെ ശബ്ദം ഇനി അവഗണിക്കാനാവില്ലെന്ന് ഉറപ്പാക്കാനും രാജ്യത്തെയും ജനാധിപത്യത്തെയും തിരിച്ചുപിടിക്കാനുമാണ് ഒത്തുചേരുന്നത്. സമരത്തിൽ പങ്കെടുക്കുന്ന അഭിജീത് ഡിപ്കെയും മറ്റ് പ്രവർത്തകരും രാവിലെ എട്ടിന് വിമാനത്താവളത്തിൽ എത്തും. എന്നാൽ അനുഭാവികൾ ആരും വിമാനത്താവളത്തിലേക്ക് പോകരുതെന്നും ഇതിനുപകരം എല്ലാവരും നേരിട്ട് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടണമെന്നും നേതാക്കൾ കർശനമായി നിർദേശിച്ചിട്ടുണ്ട്.

പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തുന്ന നേതാക്കൾ പൊലീസിൽ നിന്ന് ഔദ്യോഗികമായി അനുമതി വാങ്ങിയ ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. നിയമപരമായ എല്ലാ പരിധികളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടുമാത്രമേ ഇവിടെ നിന്ന് ജന്തർ മന്ദിറിലേക്ക് നീങ്ങുകയുള്ളൂ. നിയമലംഘനങ്ങൾ ഒഴിവാക്കി ജനാധിപത്യപരമായ രീതിയിൽ അവകാശമായ വിയോജിപ്പ് രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രതിഷേധത്തിൽ യാതൊരുവിധ അക്രമസംഭവങ്ങളും ഉണ്ടാകാൻ പാടില്ലെന്നും തികച്ചും സമാധാനപരമായിരിക്കണമെന്നും വക്താക്കൾ കൂട്ടിച്ചേർത്തു.

കൈയില്‍ പൂക്കളും ദേശീയ പതാകയും.....

ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നവർക്കായി 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ഡിജിറ്റൽ കൂട്ടായ്മ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടിക പുറത്തിറക്കി. "ജൂൺ 6, രാവിലെ 9 മണി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നമുക്ക് നാളെ കാണാം കൂട്ടുകാരേ! ഈ ചെറിയ തമാശയെ ഒരു വിപ്ലവമാക്കി മാറ്റാനുള്ള സമയമാണിത്. സമാധാനപരവും സ്നേഹനിറഞ്ഞതുമായ വിയോജിപ്പുകളോടെ ഡൽഹിയുടെ തെരുവുകൾ കീഴടക്കാൻ തയ്യാറാകൂ. എന്നാൽ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് ഓർമ്മിക്കുക. എല്ലാവരുടെയും കണ്ണുകൾ നമ്മളിലാണ്!" - സി.ജെ.പി തങ്ങളുടെ എക്സ് പോസ്റ്റിൽ കുറിച്ചു.

പങ്കുവെച്ച നിർദ്ദേശങ്ങൾ :

ചെയ്യേണ്ട കാര്യങ്ങൾ:

  • ദേശീയ പതാകയും ഒരു പുസ്തകവും കൈയിൽ കരുതുക.
  • ചുറ്റും നടക്കുന്നതെല്ലാം റെക്കോർഡ് ചെയ്യുക.
  • അക്രമം കാട്ടുന്ന സാമൂഹ്യവിരുദ്ധരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക.
  • സൺസ്‌ക്രീൻ പുരട്ടുക, തൊപ്പി ധരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക.

ചെയ്യരുതാത്ത കാര്യങ്ങൾ:

  • പരമാവധി ഒറ്റയ്ക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുക (കൂട്ടുകാരെ ഒപ്പം കൂട്ടുക).
  • പൂക്കൾ വലിചെറിയരുത്, പകരം അവ സ്നേഹത്തോടെ സമ്മാനിക്കുക.
  • പ്രകോപനം ഉണ്ടാക്കുന്നവരുമായും ട്രോളന്മാരുമായും തർക്കിക്കാൻ നിൽക്കരുത്.
  • വിശപ്പോടെ പരിപാടിക്ക് വരരുത് (ഭക്ഷണം കഴിച്ച് മാത്രം വരിക).


https://www.worldm.news/national/cjps-delhi-protest-call-for--28577