യോഗാ ദിനത്തിൽ ഗവർണർ യോഗം വിളിച്ചതില്‍ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

യോഗാ ദിനത്തിൽ ഗവർണർ യോഗം വിളിച്ചതില്‍ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിൻ്റെ ഒരുക്കം വിലയിരുത്താന്‍ ഗവര്‍ണര്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണറുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു.ഒരു പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഇത്തരം ഒരു യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാരിൻ്റെ അസംതൃപ്‌തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്തും നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിൻ്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

അന്താരാഷ്ട്ര യോഗദിനാചരണവുമായി ബന്ധപ്പെട്ട് ഗവർണർ നേരിട്ട് സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ച് നിർദ്ദേശം നൽകിയ നടപടി ഭരണഘടനാ, ജനാധിപത്യ നടപടികളുടെ നഗ്നമായ ലംഘനമാണ്. ഗവർണർ സമാന്തര അധികാര സ്ഥാപനമായി മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഫെഡറൽ അധികാരങ്ങളുടെ ലംഘനമാണ്. ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുഖ്യമന്ത്രിയുടെ പ്രതികരണമൊന്നും കണ്ടില്ല. സംസ്ഥാനത്തിൻ്റെ അന്തസാണ് ഗവർണർ ചോദ്യം ചെയ്യുന്നത്. 2024ൽ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചു വരുത്താൻ ഗവർണർ ശ്രമിച്ചപ്പോൾ എൽഡിഎഫ് സർക്കാർ കൈക്കൊണ്ട നടപടി ആലോചിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.