FIFA WORLD CUP 2026: പോരാട്ടത്തിൽ സമനില : കൊളംബിയ പോർച്ചുഗലിനെ മറികടന്ന് ഒന്നാം സ്ഥാനത്ത്

മയാമി: ഫിഫലോകകപ്പില് കൊളംബിയക്ക് മുന്നില്‍ ജയിക്കാനാകാതെ പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പന്തടക്കത്തിലും ആക്രമണങ്ങളിലും കൊളംബിയ ഒരുപടി മുന്നില്‍നിന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ തോല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് കെയില്‍നിന്ന് ഏഴ് പോയിന്റോടെ കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ട് റൗണ്ടില്‍ കടന്നു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് പോര്‍ച്ചുഗല്‍ റൗണ്ട് ഓഫ് 32ലെത്തിയത്. പോര്‍ച്ചുഗലിന് ക്രൊയേഷ്യയാവും റൗണ്ട് ഓഫ് 32ല്‍ എതിരാളികളായെത്തുക.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം ഏഴ് പോയിൻ്റോടെയാണ് കൊളംബിയ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഒരു വിജയവും രണ്ട് സമനിലയുമായി അഞ്ച് പോയിൻ്റുള്ള പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായും അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കി. പലപ്പോഴായി ഇരമ്പിയെത്തിയ കൊളംബിയന്‍ ആക്രമണങ്ങള്‍ക്കുമുന്നില്‍ നെഞ്ചുവിരിച്ചുനിന്ന ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയുടെ പ്രകടനമാണ് പോര്‍ച്ചുഗലിന്റെ രക്ഷക്കെത്തിയത്.വിജയിക്കുന്നവർക്ക് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ലഭിക്കുമെന്നതിനാൽ ഇരു ടീമുകളും ആക്രമണാത്മക ശൈലിയിലാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ കൊളംബിയയുടെ ലൂയിസ് ഡയസും ജോൺ കോർഡോബയും പോർച്ചുഗൽ പ്രതിരോധത്തെ മറികടക്കാൻ ശ്രമിച്ചു. 17-ാം മിനിറ്റിൽ കോർഡോബ തൊടുത്ത ഷോട്ട് പോർച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തിയത് നേട്ടമായി. പിന്നാലെ കൊളംബിയൻ താരം ജഹോൻ അരിയാസിൻ്റെ ഷോട്ട് പോർച്ചുഗൽ താരം റൂബൻ നെവസ് ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്തതും പോർച്ചുഗലിന് രക്ഷയായി.ആദ്യ പകുതിയുടെ അവസാന പത്ത് മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ പോർച്ചുഗൽ കളം നിറഞ്ഞു കളിച്ചു. 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന് ലഭിച്ച സുവർണാവസരം കൊളംബിയൻ ഗോൾകീപ്പർ കമിലോ വർഗാസ് തകർപ്പൻ സേവിലൂടെ നിഷ്പ്രഭമാക്കി.

രണ്ടാം പകുതിയിൽ ഇരു കോച്ചുമാരും പകരക്കാരെ ഇറക്കി കളി പിടിക്കാൻ ശ്രമിച്ചു. പോർച്ചുഗൽ നിരയിൽ റാഫേൽ ലിയാവോ, ജോവോ നെവസ്, ഡീഗോ ഡാലോട്ട് എന്നിവർ കളത്തിലെത്തി. 60-ാം മിനിറ്റിൽ ഫെലിക്സിൻ്റെ പാസിൽ നിന്ന് റൊണാൾഡോ ഗോൾ ശ്രമം നടത്തിയെങ്കിലും താരം ഓഫ്സൈഡ് കെണിയിൽ വീണു. അവസാന മിനിറ്റുകളിൽ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനെ പിൻവലിച്ച് ക്വിൻ്റേറോ എത്തിയെങ്കിലും പോർച്ചുഗീസ് പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ ഇരുപക്ഷത്തിനും വലകുലുക്കാനാകാതെ കളി അവസാനിക്കുകയായിരുന്നു.
നോക്കൗട്ടിൽ അഗ്നിപരീക്ഷ
ഗ്രൂപ്പ് ഘട്ട കടമ്പകൾ കഴിഞ്ഞതോടെ ഫിഫ ലോകകപ്പിൻ്റെ പ്രീക്വാർട്ടറിൽ കനത്ത പോരാട്ടങ്ങൾക്ക് കളമൊരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് കെ-യിൽ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗൽ പ്രീക്വാർട്ടറിൽ യൂറോപ്യൻ കരുത്തരായ ക്രൊയേഷ്യയെ നേരിടും. ഇതേ ഗ്രൂപ്പിലെ ചാമ്പ്യന്മാരായ കൊളംബിയയ്ക്ക് പ്രീക്വാർട്ടറിൽ ആഫ്രിക്കൻ കരുത്തരായ ഘാനയാണ് എതിരാളികൾ.