കമ്മ്യൂണിസ്റ്റ് നേതാവും മുൻ റഷ്യൻ പ്രസിഡൻ്റുമായ ജോസഫ് സ്റ്റാലിൻ സ്വേച്ഛാധിപതിയും ഘാതക ചക്രവർത്തിയുമെന്ന് സിപിഐ

കമ്മ്യൂണിസ്റ്റ് നേതാവും മുൻ റഷ്യൻ പ്രസിഡൻ്റുമായ ജോസഫ് സ്റ്റാലിൻ സ്വേച്ഛാധിപതിയും ഘാതക ചക്രവർത്തിയുമെന്ന് സിപിഐ

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവും മുൻ റഷ്യൻ പ്രസിഡൻ്റുമായ ജോസഫ് സ്റ്റാലിൻ സ്വേച്ഛാധിപതിയും ഘാതക ചക്രവർത്തിയുമെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. ഇത്തവണ തിരൂരങ്ങാടി മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി കൂടിയായ അജിത് കൊളാടിയാണ് പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതിയിട്ടുള്ളത്.

ഇന്നലെ  പ്രസിദ്ധീകരിച്ച 'അതിരില്ലാത്ത അറിവില്ലായ്‌മയ്ക്ക് പ്രണാമം' എന്ന പേരിലുള്ള ലേഖനത്തിലാണ് സ്റ്റാലിനെപ്പറ്റി ഇത്തരമൊരു പരമാർശനം നടത്തിയിട്ടുള്ളത്. സ്റ്റാലിനെ കൂടാതെ ഉത്തരകൊറിയയുടെ സ്ഥാപകനും ആദ്യത്തെ പരമോന്നത നേതാവും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായ കിംഉൽസുങിനെയും ഇതേ ഗണത്തിലാണ് പെടുത്തിയിട്ടുള്ളത്.ലേഖനത്തിൻ്റെ തുടക്കത്തിലാണ് ഈ പരാമർശമുള്ളത്. ''അധികാരത്തിനും കിട്ടിയ അധികാരം നിലനിർത്താനും സ്വേച്ഛാധിപതികൾ ചെയ്യാൻ മടിക്കുന്ന ഒരു പാതകവും മനുഷ്യൻ ഇന്നോളം കണ്ടുപിടിച്ചിട്ടില്ല. പ്രവാചകന്മാരും ഗാന്ധിജിയും മണ്ടേലയും മറ്റും മനുഷ്യ സ്‌നേഹത്തിൻ്റെ പ്രതീകമാണങ്കിൽ, ലോകത്തിലെ ഘാതക ചക്രവർത്തിമാരിൽ അഗ്രാസനാർഹരാണ് ചെങ്കിസ്ഖാൻ, ലിയോ പോൾ രണ്ടാമൻ, പോൾ പോട്ട്, ഹിറ്റ്‌ലർ, മുസോളിനി, സ്റ്റാലിൻ, കിം ഇൽ സങ് തുടങ്ങിയവർ.

അക്കൂട്ടത്തിൽ പെടുന്നു വർത്തമാന കാലത്ത് ഡൊണാൾഡ് ട്രംപ്, നെതന്യാഹു, വ്‌ലാദിമിർ പുടിൻ, നരേന്ദ്ര മോഡി, എർദോഗാൻ, വിക്‌ടർ ഓർ ബൻ തുടങ്ങിയവർ. ഇവർ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ സാമ്യമില്ല. ബഹുവിധത്തിലുള്ള വേഷങ്ങൾ അണിഞ്ഞാണിവർ പ്രത്യക്ഷപ്പെടുക'' - ഇങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്.അതേസമയം അജിത് കൊളാടിയുടേത് പാർട്ടി നിലപാടെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പികെ കൃഷ്‌ണ ദാസ് പറഞ്ഞു. സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തിൽ സ്റ്റാലിനെപറ്റി അജിത് കൊളാടി എഴുതിയത് പാർട്ടി നിലപാടാണ്. പാർട്ടിക്ക് ഈ നിലപാട് തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ ചിത്രം പരിപാടികളിൽ പാർട്ടി ഉപയോഗിക്കാറില്ലെന്നും പികെ കൃഷ്‌ണ ദാസ് പറഞ്ഞു. സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നുവെന്നും എന്നാൽ ആകെ തുകയിൽ അദ്ദേഹത്തെ വിലിയിരുത്തുമ്പോൾ ഏകാധിപത്യ പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

1878 ഡിസംബർ 18 മുതൽ 1953 മാർച്ച് അഞ്ച് വരെയായിരുന്നു ജോസഫ് വിസരിയോനോവിച്ച് സ്റ്റാലിൻ എന്ന സോവിയറ്റ് ഭരണാധികാരി ജീവിച്ചിരുന്നത്. ജോർജയിൽ ജനിച്ച സ്റ്റാലിൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് 1920കളുടെ മധ്യം മുതൽ മരണം വരെ സോവിയറ്റ് യൂണിയൻ്റെ ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയായി തുടർന്നു.