രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകൾ പതിപ്പിച്ചവരെ കണ്ടെത്താനായി പോലീസിൽ പരാതി

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്ററുകൾ പതിപ്പിച്ചവരെ കണ്ടെത്താനായി പോലീസിൽ  പരാതി

വയനാട് : മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു.എംഎല്‍എ ടി സിദ്ദിഖാണ് പരാതിക്കാരന്‍. പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ പരസ്പരം സംശയിക്കുകയാണ് കെ സി വിഭാഗവും സതീശന്‍ അനുകൂലികളും. കോണ്‍ഗ്രസിലെ ചര്‍ച്ചയ്ക്കിടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും രൂക്ഷവിമര്‍ശനവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ പ്രതിഷേധം ശക്തമാകുമെന്നായിരുന്നു പോസ്റ്ററിലെ സൂചന. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരന്‍ ആണെന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ടായിരുന്നു. രാഹുലിന്റേയും പ്രിയങ്കയുടേയും വിഡ്ഢിത്തരങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നുമാണ് പോസ്റ്ററിലുള്ളത്. വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകളില്‍ കുറിച്ചിരുന്നു.