"വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ്,ബില്ലിനെ വർഷങ്ങളോളം അവഗണിച്ചത് ബിജെപി ": പ്രിയങ്ക ഗാന്ധി
ന്യുഡൽഹി :വനിതാ സംവരണത്തിനായി മുൻകൈയെടുത്തത് കോൺഗ്രസ് എന്ന് ലോകസഭയിൽ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് വേണ്ടി കോൺഗ്രസ് സർക്കാരുകൾ പ്രവർത്തിച്ചു. വനിതാ സംവരണത്തിന്റെ വിഷയം ആദ്യം ഉയർത്തിയത് കോൺഗ്രസ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണം കൊണ്ടുവന്നത് കോൺഗ്രസ്. മോത്തിലാൽ നെഹ്റുവാണ് വനിതാ സംവരണത്തിന് തുടക്കം കുറിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പക്ഷെ പ്രധാനമന്ത്രി കോൺഗ്രസിന് ആ ക്രെഡിറ്റ് നൽകിയില്ല. ബില്ലിനെ എതിർത്ത കാര്യം പ്രധാനമന്ത്രി പറഞ്ഞു. ആരാണ് എതിർത്തത്? നിങ്ങളാണ് ബില്ലിനെ മുൻപ് എതിർത്തത്. ബില്ലിനെ വർഷങ്ങളോളം അവഗണിച്ചത് BJPയാണ്. എപ്പോഴത്തെയും പോലെ പ്രധാനമന്ത്രി പകുതി വിവരങ്ങൾ മാത്രമേ പറയുന്നുള്ളൂ. പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
2018 ൽ വനിതാ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ചർച്ച നടക്കുന്നത് വനിതാ സംവരണത്തെക്കുറിച്ച് അല്ല. മണ്ഡല പുനർനിർണയത്തെ കുറിച്ചാണ്. സർക്കാരിന് എന്താണ് ഇത്ര ധൃതി. പ്രധാനമന്ത്രി എന്തിനാണ് ഭയക്കുന്നത്. ജാതി സെൻസസിനെയാണോ? ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.
സ്ത്രീകളുടെ അവകാശങ്ങളുടെ ചാമ്പ്യന്മാരായാണ് ബിജെപി നടിക്കുന്നത്. ബിജെപി രാജ്യത്തെ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുന്നു. വനിതാ സംവരണത്തെക്കുറിച്ച് അല്ല ചർച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ ആശങ്കയും അതാണ്. ബില്ലിലൂടെ രാഷ്ട്രീയം കളിക്കുന്നു. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നത്. നിലവിലെ 543 സീറ്റുകളിൽ നിന്ന് എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ല.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളോട് അനീതി കാണിക്കുന്നു. ഈ ബില്ലിൽ രാഷ്ട്രീയ ദുർഗന്ധമുണ്ട്. വനിതാ സംവരണത്തിന് ഒപ്പമാണ്. മണ്ഡല പുനർനിർണയത്തിനാണ് എതിരെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.