"പടനയിച്ചവൻ കേരളം ഭരിക്കട്ടെ ": വിഡിസതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി കോൺഗ്രസ്സ് പ്രവർത്തകർ

കണ്ണൂർ : മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച ,കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരാനിരിക്കെ മുഖ്യമന്ത്രി ആരായിരിക്കണം എന്നതിനെക്കുറിച്ചുള്ള തർക്കം പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ് . കോൺഗ്രസ്സ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇന്നെത്തി എംഎൽഎ മാരുമായി സ്വകാര്യ സംഭാഷണങ്ങൾ നടത്തി അഭിപ്രായം സ്വരൂപിച്ച് ഡൽഹിയിലേക്ക് മടങ്ങിയപ്പോൾ, ഇന്ന് വൈകുന്നേരം കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വിഡി .സതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ തെരുവിലിറങ്ങി ശക്തിപ്രകടനം നടത്തി. കോൺഗ്രസ്സ് ആസ്ഥാനമായ ഇന്ദിരാഭവന് സമീപം കെ.സുധാകരൻ്റെ അനുയായികൾ കെസി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളക്സ് ഉയർത്തിയതാണ് വി.ഡി സതീശൻ അനുയായികളെ ചൊടിപ്പിച്ചിരിക്കുന്നത് .കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി, പഴയങ്ങാടി എന്നിവിടങ്ങളിലും സമാനമായ പ്രകടനം ഉണ്ടായി എന്നാണ് റിപ്പോർട്ട് ."പട നയിച്ചവൻ കേരളം ഭരിക്കട്ടെ " എന്ന മുദ്രാവാക്യം മുഴക്കികൊണ്ടാണ് വിവിധയിടങ്ങളിൽ ജാഥ നടന്നത്. കേരള മുഖ്യമന്ത്രി ആകാൻ കൊതിച്ചിരിക്കുന്ന രമേശ് ചെന്നിത്തല ,കെസി വേണുഗോപാൽ ,വിഡി .സതീശൻ എന്നിവർക്ക് വേണ്ടി ഫലപ്രഖ്യാപനത്തിനു മുന്നേ അണികൾ നടത്തികൊണ്ടിരിക്കുന്ന ' ഫ്ലക്‌സ് യുദ്ധ'മാണ് ഇപ്പോൾ പരസ്യമായുള്ള തെരുവ് പ്രകടനങ്ങളിലേക്ക് വഴിമാറിയിരിക്കുന്നത് .സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലറങ്ങിയത്. വിഡി സതീശന്റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. മറ്റാര് മുഖ്യമന്ത്രിയായാലും അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.