"മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങള്‍ ഗാന്ധിയുടെ കാലം മുതല്‍ പാര്‍ട്ടിയിലുണ്ട് ": എ കെ ആൻ്റണി

"മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങള്‍ ഗാന്ധിയുടെ കാലം മുതല്‍ പാര്‍ട്ടിയിലുണ്ട് ": എ കെ ആൻ്റണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിഎംപി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണ്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആൻ്റണിയെ കാണാനെത്തി. ഇന്ന്  ഉച്ചയോടെ ആൻ്റണിയുടെ ജഗതിയിലെ വീട്ടിലെത്തിയാണ് സി പി ജോണ്‍ അദ്ദേഹത്തിൻ്റെ അനുഗ്രഹം വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് സുനാമിയാണ് അലയടിച്ചതെന്നും യുഡിഎഫിൻ്റെ വിജയത്തില്‍ താന്‍ ആഹ്‌ളാദിക്കുന്നെന്നും എ കെ ആൻ്റണി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് ഇത്രയും വലിയ പരാജയം മുന്‍പ് ഉണ്ടായിട്ടില്ലെന്നും ആൻ്റണി പറഞ്ഞു. വീണു കിടക്കുന്ന ഇടതുപക്ഷത്തെ കളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് തകര്‍ന്നടിയണമെന്ന് താന്‍ ഒരിക്കല്‍പോലും ആഗ്രഹിച്ചിട്ടില്ല. കാരണം അത് മതേതര കേരളത്തിനോ കോണ്‍ഗ്രസിനോ നല്ലതല്ല. എന്താണു തങ്ങള്‍ക്കു സംഭവിച്ചതെന്ന് മനസിലാക്കി ഇടതുപക്ഷം മുന്നോട്ടു വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ യുഡിഎഫ് ജയിച്ചെങ്കിലും, കോൺഗ്രസിന് 1960 ൽ വിമോചന സമരത്തിന് ശേഷം പി റ്റി ചാക്കോ പ്രതിപക്ഷ നേതാവ് ആയിരുന്ന കാലത്ത് 63 സീറ്റാണ് നേടിയിരുന്നത്. എന്നാൽ ഇപ്പോൾ യുഡിഎഫിന് 102 സീറ്റ് കിട്ടിയിരിക്കുകയാണ്. ഇത് ചരിത്ര വിജയമാണ്. ഇത് ഏറെ സന്തോഷം നല്‍കുന്നതാണെന്നും ആന്‍റണി.

കോൺഗ്രസിനും പഠിക്കാനുണ്ടെന്ന് നിർദേശം

മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ വീഴ്‌ചയില്‍നിന്ന് കോണ്‍ഗ്രസിനും പഠിക്കാനുണ്ടെന്ന് ആൻ്റണി ചൂണ്ടിക്കാട്ടി. ഭരണത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതു മനസില്‍ കണ്ടു വേണം പ്രവര്‍ത്തിക്കാന്‍. ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തിരിച്ചടി ഭാവിയില്‍ യുഡിഎഫിന് സംഭവിക്കാതെയിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.സംസ്ഥാനം നാളുകളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിരുന്നത്. ഗ്യാസിൻ്റെ വിലക്കയറ്റം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്കൊണ്ട് സംസ്ഥാനം തകര്‍ന്നിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയേല്‍ക്കുന്ന മന്ത്രിസഭ കൂടുതല്‍ ശ്രദ്ധ നല്‍കണം.മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് താന്‍ അഭിപ്രായം പറയുന്നില്ലെന്നും ആൻ്റണി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന മൂന്നു വ്യക്തികളെയും തനിക്ക് ഇഷ്‌ടമാണ്. നല്ല മുഖ്യമന്ത്രിയും മന്ത്രിമാരും ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കങ്ങള്‍ ഗാന്ധിയുടെ കാലം മുതല്‍ പാര്‍ട്ടിയിലുള്ളതാണെന്നും അതെല്ലാം മറികടന്ന് കൂട്ടായ തീരുമാനമെടുക്കലാണ് പതിവെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തര്‍ക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഹൈക്കമാന്‍ഡ് എന്തു തീരുമാനിച്ചാലും താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.