ഖത്തറില്‍ ദൃശ്യം 3യുടെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ സിദ്ദിഖിന് കോടതി അനുമതി

 ഖത്തറില്‍ ദൃശ്യം 3യുടെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ സിദ്ദിഖിന് കോടതി അനുമതി

തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദീഖിന് ആശ്വാസം. ഖത്തറിൽ വച്ച് നടക്കുന്ന ദൃശ്യം 3 ൻ്റെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ നടന് അനുമതി ലഭിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ടാനിയ മറിയം ജോസിൻ്റെതാണ് ഉത്തരവ്. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയ്‌ക്കായി ഖത്തറിൽ വച്ചാണ് നടക്കുന്നത്.ചിത്രത്തിലെ അഭിനേതാവ് എന്ന നിലയിൽ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാനാണ് അനുവാദം നൽകിയത്. ഷോ കഴിഞ്ഞ് രണ്ട് ആഴ്‌ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകൾ പ്രകാരമാണ് കേസില്‍ പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്. ഈ വ്യവസ്ഥ പ്രകാരം തന്നെയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങൾക്ക് വേണ്ടി ഇളവ് അനുവദിച്ചത്.സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌ത് യുവനടിയെ ബലാത്സംഗം ചെയ്‌തുവെന്നാണ് നടനെതിരെയുള്ള പരാതി. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു നടി പൊലീസിന് നൽകിയ പരാതി.