കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ-ഡിആർ വർധിപ്പിക്കും; ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂഡൽഹി: പുത്തൻ പദ്ധതികളും പരിഷ്‌കരണവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധനവിന് ഇന്നു ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ സമുദ്ര ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ (ബിഎംഐ പൂൾ) നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചു.
ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവ രണ്ട് ശതമാനമായി വർധിപ്പിച്ചു. ഏകദേശം 50.46 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68.27 ലക്ഷം പെൻഷൻകാർക്കും പ്രയോജനപ്പെടും. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പങ്കുവച്ചത്.
നിലവില്‍ ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയും(ഡിഎ) ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഡിയര്‍നെസ് റിലീഫുമാണ്(ഡിആർ) നല്‍കുന്നത്. അടിസ്ഥാന ശമ്പളത്തിൻ്റെ ഒരു ശതമാനമായാണ് അലവൻസ് കണക്കാക്കുന്നത്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏഴാം ശമ്പള കമ്മിഷൻ്റെ ശുപാര്‍ശ പ്രകാരമാണ് ഈ പരിശ്‌കരണമെന്ന് അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. പണപ്പെരുപ്പം നികത്തുന്നതിനായി അടിസ്ഥാന ശമ്പളം/പെൻഷൻ 58% ൽ നിന്ന് 60% ആയി ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പണപ്പെരുപ്പവുമായി ബന്ധപ്പെട്ട അലവൻസ് വർഷത്തിൽ രണ്ടുതവണ പരിഷ്‌കരിക്കാറുണ്ട്. സാധാരണയായി ജനുവരിയിലും ജൂലൈയിലും ആണിത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ പ്രതിമാസം പുറത്തിറക്കുന്ന വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചിക (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കുന്നത്. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് ഡിഎ, ഡിആര്‍ എന്നിവയ്‌ക്കൊപ്പം ശമ്പളത്തിലെ മറ്റ് അലവന്‍സുകളും വര്‍ധിക്കും. ഹൗസ് റെൻ്റ് അലവന്‍സ്, ദൈനംദിന അലവന്‍സ്, ഗ്രാറ്റുവിറ്റി പരിധി, ഹോസ്റ്റല്‍ സബ്‌സിഡി, കുട്ടികളുടെ വിദ്യാഭ്യാസവുമായി തുടങ്ങിയവയും അതില്‍ ഉള്‍പ്പെടുന്നു.
ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ പരിരക്ഷ
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. ഇന്ത്യന്‍ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കും. 12,980 കോടി രൂപയാണ് ഇതനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയവും ഷിപ്പിങ് കവറേജ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും പരിഹരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.കപ്പലുകളുടെ ചട്ടക്കൂട്, യന്ത്രസാമഗ്രികള്‍, ചരക്ക് , പ്രൊട്ടക്ഷന്‍ ആൻ്റ് ഇന്‍ഡംനിറ്റി, യുദ്ധസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന റിസ്‌ക്കുകള്‍ എന്നിവ ഈ ഇന്‍ഷുറന്‍സ് പൂള്‍ കവര്‍ ചെയ്യും. ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍, ഇന്ത്യയില്‍ നിന്നുള്ളതോ ഇന്ത്യയിലേക്കുള്ളതോ ആയ കപ്പലുകള്‍ എന്നിവയ്ക്ക് ഈ പരിരക്ഷ ലഭിക്കും. പത്ത് വര്‍ഷത്തേക്കാണ് പദ്ധതി. ആവശ്യമെങ്കില്‍ ഇത് 15 വര്‍ഷം വരെ നീട്ടാനും വ്യവസ്ഥയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിനായി ഒരു ഭരണസമിതിയെയും രൂപികരിക്കും. അവരായിരിക്കും പൂളിൻ്റെ പ്രവർത്തനത്തനവും മറ്റും മേൽനോട്ടം വഹിക്കുകയെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഉപരോധങ്ങൾ മൂലമോ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലമോ കവറേജ് പിൻവലിക്കേണ്ടി വന്നാലോ മറ്റോ പരമാധികാരവും വ്യാപാര തുടർച്ചയും നിലനിർത്തുന്നതിന് ഒരു ആഭ്യന്തര സമുദ്ര റിസ്‌ക് കവറേജ് പൂളിന് ആവശ്യമുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.