എസ്ഡിപിഐ തീവ്രവാദ സംഘടനയെന്ന് സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രേഖ പുറത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലാണ്. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് യുഡിഎഫ്, എൽഡിഎഫ് നേതൃത്വങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനിടെ അവരെ തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടുന്ന സിപിഎം രേഖ പുറത്ത്. സിപിഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് എസ്ഡിപിഐയെ തീവ്രവാദ വിഭാഗമായി മുദ്രകുത്തിയിട്ടുള്ളത്.
ഇത് പോപ്പുലർ ഫ്രണ്ടിൻ്റെ രാഷ്ട്രീയ വിഭാഗമാണെന്നും ഇവരെ നേരിടണമെന്നും രേഖയിൽ വ്യക്തമാക്കുന്നു. പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ 54-ാം പേജിലെ 2.78 പോയിൻ്റിലാണ് പരാമർശമുള്ളത്.

തീവ്രവാദ സംഘടന
''ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗം) തുടങ്ങിയ മുസ്ലിം മൗലികവാദികളും തീവ്രവാദ സംഘടനകളും മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ പ്രവർത്തിക്കുന്നു. ഹിന്ദുത്വ ശക്തികളുടെ നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമാകുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലെ അകൽച്ചയും ഭയവും മുതലെടുക്കാൻ അവർ ശ്രമിക്കുന്നു.കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സിപിഎമ്മിൻ്റെ സ്വാധീനം നിയന്ത്രിക്കാൻ അവർ ലക്ഷ്യമിടുന്നു. അധികാരത്തിലുള്ള ഹിന്ദുത്വ വർഗീയ ശക്തികളുമായി ന്യൂനപക്ഷ വർഗീയതയെ തുലനം ചെയ്യാൻ കഴിയില്ലെങ്കിലും, ഭൂരിപക്ഷ വർഗീയതയുടെ ശക്തികളെ മാത്രമേ ന്യൂനപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയുള്ളൂ എന്ന് മനസ്സിലാക്കണം. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ശക്തമായി സംരക്ഷിക്കുകയും മതേതര വേദിയിലേക്ക് അവരെ അണിനിരത്തുകയും മൗലികവാദ ശക്തികളെ നേരിടുകയും വേണം''. ഇങ്ങനെയാണ് പ്രമേയത്തിൽ പറയുന്നത്.

കാസർകോടും പത്തനംതിട്ടയുമൊഴികെ മറ്റ് 12 ജില്ലകളിലെ 36 ഇടങ്ങളിൽ SDPI മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത ഇടങ്ങളിൽ ആർക്ക് പിന്തുണ നൽകണമെന്നത് സംബന്ധിച്ച് ആറിന് ചേരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്ത് അറിയിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത് പറഞ്ഞു.ജില്ല തലങ്ങളിൽ നിന്നുള്ള തീരുമാനങ്ങൾ അവലോകനം ചെയ്തശേഷമാണ് അന്തിമ തീരുമാനമെടുക്കുക. എന്തായാലും ഒരു മുന്നണിക്കായിരിക്കും വോട്ടെന്നും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് മുന്നണികൾക്ക് മാറിയും തിരിഞ്ഞും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
