യുദ്ധഭീതിയിൽ ദുബായ്! ബുർജ് അൽ അറബിന് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളത്തിൽ സ്ഫോടനം, നാല് പേർക്ക് പരിക്ക്
ദുബായ്: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണത്തിലൂടെ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാൻ ശക്തമായ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുകയുമാണ്. പശ്ചിമേഷ്യയിലുടനീളം സംഘർഷങ്ങൾ രൂക്ഷമായിട്ടുണ്ട്. മധ്യേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി ഇറാന്റെ അതിശക്തമായ ഡ്രോൺ-മിസൈൽ ആക്രമണം. ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ വന്ന ഡ്രോൺ പ്രതിരോധ സേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് തീപിടുത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് ഉടൻ തന്നെ രംഗത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ ശനിയാഴ്ച വൈകുന്നേരത്തോടെ പാം ജുമൈറയിലെ ഒരു കെട്ടിടത്തിലും സമാനമായ രീതിയിൽ അപകടമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. ഇതുവരെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടത്. ഇതിൽ 14 ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായാണ് പുറത്തുവരുന്ന കണക്കുകൾ. സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപവും സ്ഫോടനമുണ്ടായതായി സൂചനയുണ്ട്. കെട്ടിടത്തിന് സമീപം പുകയുയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ബുർജ് ഖലീഫ ലക്ഷ്യമിട്ട് ഇറാനിയൻ ഡ്രോണുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്. യുഎഇയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ലക്ഷ്യമിട്ടുള്ള ഇറാന്റെ ഈ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. നിലവിൽ സുരക്ഷാ സേനകൾ പ്രദേശം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

