‘E20 ജനതാ പാർട്ടി’: ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട് പുതിയ പ്രതിഷേധ കൂട്ടായ്‌മ

‘E20 ജനതാ പാർട്ടി’:  ഗഡ്കരിയുടെ രാജി ആവശ്യപ്പെട്ട്  പുതിയ പ്രതിഷേധ കൂട്ടായ്‌മ

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലേക്ക് നയിച്ച ‘കോക്ക്‌റോച്ച് ജനതാ പാർട്ടി’ക്ക് പിന്നാലെ, സോഷ്യൽ മീഡിയയിൽ പുതിയ ഉപഹാസ കൂട്ടായ്മയായി ‘E20 ജനതാ പാർട്ടി’. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവെച്ച 20% എഥനോൾ കലർത്തിയ പെട്രോൾ (E20) നയത്തിനെതിരെയാണ് ഈ സോഷ്യൽ മീഡിയ പ്രസ്ഥാനം ഉയർന്നുവന്നിരിക്കുന്നത്.കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രാജി വെക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെയാണ് ‘E20 ജനതാ പാർട്ടി’ എന്ന പേരിലുള്ള എക്‌സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നേടിയെടുത്തത്. തങ്ങളുടേത് ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും, ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും സുതാര്യത കൊണ്ടുവരാനുമുള്ള സ്വതന്ത്ര ജനകീയ പ്രസ്ഥാനമാണെന്നും അക്കൗണ്ട് ഭാരവാഹികൾ വ്യക്തമാക്കി.സൗജന്യ ഇന്ധനമോ സബ്‌സിഡിയോ അല്ല, മറിച്ച് ജനങ്ങളുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 4-ന് എഥനോൾ പെട്രോൾ നയത്തിനും ടാക്സി വണ്ടികളിൽ നിർബന്ധമാക്കിയ വിലകൂടിയ ജി.പി.എസ്, പാനിക് ബട്ടൺ സംവിധാനങ്ങൾക്കുമെതിരെ ഡൽഹിയിലേക്ക് പാർലമെന്റ് മാർച്ച് നടത്തുമെന്നും മറ്റൊരു അക്കൗണ്ടിലൂടെ പ്രഖ്യാപനമുണ്ട്. ഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ പ്രതിഷേധം വിജയം കണ്ടതിന് തൊട്ടുപിന്നാലെയാണ് സമാന രീതിയിലുള്ള പുതിയ ഡിജിറ്റൽ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നത്.