"പ്രവാസികൾ വെറും നിക്ഷേപകരല്ല, വികസന പങ്കാളികളാണ്; കേരളത്തിന് വേണ്ടത് സുസ്ഥിരമായ മാറ്റം": ജോജോ തോമസ്
മുംബൈ: കേരളത്തിൻ്റെ സാമ്പത്തിക നട്ടെല്ല് എന്നത് പ്രവാസികളാണെന്ന് നാം എപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. എന്നാൽ വിയർപ്പൊഴുക്കുന്ന പ്രവാസിയുടെ യഥാർത്ഥ ശബ്ദം ഭരണസിരാകേന്ദ്രങ്ങളിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ കേൾക്കാറുണ്ടോ?പ്രത്യേകിച്ച് കേരളത്തിൽ ? കാൽനൂറ്റാണ്ടിലേറെയായി മറുനാടൻ മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും, പ്രതിസന്ധികളിൽ അവർക്ക് തുണയാവുകയും ചെയ്യുന്ന വ്യക്തിത്വമാണ് മഹാരാഷ്ട്ര പി.സി.സി (MPCC) ജനറൽ സെക്രട്ടറി ജോജോ തോമസ്.
കോവിഡ് മഹാമാരിക്കാലത്ത് പതിനായിരക്കണക്കിന് മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം, മുംബൈയിലെ സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ പ്രവാസികളുടെ കരുത്തുറ്റ ശബ്ദമാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ജോജോ തോമസുമായി 'വേൾഡ് എം ന്യൂസ്' നടത്തിയ പ്രത്യേക അഭിമുഖം.
* കേരളത്തിൽ യു.ഡി.എഫ് ഭരണം വന്നാൽ പ്രവാസികളായ മുംബൈ മലയാളികൾക്ക് എന്തുനേട്ടമാണുള്ളത്? കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തെ എങ്ങനെ നോക്കിക്കാണുന്നു?
മുംബൈ മലയാളികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലം സാംസ്കാരികമായും വികസനപരമായും ഒരു 'സുവർണ്ണ കാലഘട്ടം' തന്നെയായിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിൻ്റെ നേതൃത്വത്തിൽ മുംബൈയിൽ 'മലയാളം മിഷൻ' പ്രവർത്തനങ്ങൾ ആരംഭിക്കുകയും, സംഗീത നാടക അക്കാദമിയുടെ വിങ്ങ് ഇവിടെ തുടങ്ങുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിന് പുറത്ത് ഒരു സർക്കാർ ഔദ്യോഗികമായി സംഘടിപ്പിച്ച 'പൈതൃകോത്സവം' മുംബൈയിലായിരുന്നു. അതിൻ്റെ ജനറൽ കോർഡിനേറ്ററായി പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. നമ്മുടെ വരുംതലമുറയ്ക്ക് അവരുടെ വേരുകൾ എവിടെയാണെന്ന് കാണിച്ചുകൊടുക്കുക എന്നത് നമ്മുടെ കടമയാണ്.ആ ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കപ്പെട്ട പരിപാടി വളരെ വിജയകരമായി നടത്താൻ സാധിച്ചു.
മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് നടത്തിയ നിരന്തര ശ്രമഫലമായാണ് കൊച്ചു വേളി ട്രെയിൻ നമുക്ക് ലഭിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ഇന്നത്തെ സർക്കാർ പ്രവാസികളെ വെറും പണമയക്കുന്ന 'എ.ടി.എം മെഷീനുകളായി' മാത്രമാണ് കാണുന്നത്. പ്രവാസികളുടെ വൈകാരികമായ ആവശ്യങ്ങളേക്കാൾ അവരുടെ നിക്ഷേപങ്ങളിൽ മാത്രമാണ് അധികൃതർക്ക് താല്പര്യം.
*ലോക കേരള സഭയിലെ അംഗമാണല്ലോ താങ്കൾ. അവിടെ താങ്കൾ മുന്നോട്ടുവെച്ച ആവശ്യങ്ങളോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടോ ?എന്തെങ്കിലും സർക്കാർ പ്രവർത്തികമാക്കിയിട്ടുണ്ടോ ?
2022-ലും 2024-ലും ഞാൻ ലോക കേരള സഭയിൽ പങ്കെടുത്തിരുന്നു. പ്രവാസികൾക്ക് ജന്മനാടിന്റെ വികസനത്തിൽ പങ്കാളികളാകാനുള്ള വേദിയായാണ് ഇതിനെ വിഭാവനം ചെയ്തതെങ്കിലും, പ്രായോഗികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ വീഴ്ചയുണ്ട്. 6400-ഓളം കുട്ടികൾ പഠിക്കുന്ന മലയാളം മിഷന് മുംബൈയിൽ സ്വന്തമായൊരു ഓഫീസും മെച്ചപ്പെട്ട സൗകര്യങ്ങളും വേണമെന്ന ആവശ്യം ഇന്നും ഫയലുകളിൽ വിശ്രമിക്കുകയാണ്.ഹൈവേകളിൽ സ്ത്രീകൾക്കായി ടോയ്ലറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ലളിതമായ ആവശ്യം പോലും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വികസനം എന്നാൽ ജനങ്ങളെ കുടിയിറക്കുന്ന വൻകിട പദ്ധതികൾ മാത്രമല്ല. ഐക്യരാഷ്ട്ര സംഘടന വിഭാവനം ചെയ്യുന്ന 'സുസ്ഥിര വികസനം' (Sustainable Development) ആണ് നമുക്ക് വേണ്ടത്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സംരക്ഷിച്ചുകൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്.
* കോവിഡ് കാലത്ത് താങ്കൾ നടത്തിയ ഇടപെടലുകൾ മുംബൈ മലയാളികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ആ അനുഭവങ്ങളെക്കുറിച്ച് ഒന്ന് വിശദമാക്കാമോ?
പ്രവാസികൾ ഏറ്റവും കൂടുതൽ തളർന്ന സമയമായിരുന്നു കോവിഡ് കാലം. രജിസ്റ്റർ ചെയ്താൽ നാട്ടിലെത്തിക്കാം എന്ന് സർക്കാർ പറഞ്ഞെങ്കിലും പ്രായോഗികമായി അവർക്ക് പലയിടത്തും പരാജയപ്പെടേണ്ടി വന്നു. ആ ഘട്ടത്തിലാണ് മഹാരാഷ്ട്ര ഭരണസംവിധാനവുമായി ചേർന്ന് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഞങ്ങൾ മുന്നിട്ടിറങ്ങിയത്.ഏതാണ്ട് 12,700-ഓളം ആളുകളെയാണ് ഞങ്ങൾ അന്ന് മുംബൈയിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. അതിൽ 180-ഓളം ഗർഭിണികൾ ഉണ്ടായിരുന്നു. പ്രസവ തീയതി അടുത്ത ഗർഭിണികൾക്ക് പോലും കേരള ഹൗസിൽ താത്കാലിക താമസസൗകര്യം നിഷേധിക്കപ്പെട്ടപ്പോൾ, അവർക്കായി പോരാടേണ്ടി വന്നത് വേദനിപ്പിക്കുന്ന ഓർമ്മയാണ്. പ്രവാസികളോട് യു.ഡി.എഫ് കാണിക്കുന്ന കരുതലും മാനുഷികമായ സമീപനവും ഈ സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. പ്രവാസികളെ 'രോഗവാഹകരായി' ചിത്രീകരിച്ചത് ഒരിക്കലും മറക്കാനാവില്ല.
*ഒരു പ്രവാസി എന്ന നിലയിൽ കേരളത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
മുംബൈ നമ്മളെ പഠിപ്പിക്കുന്നത് 'സമ്പത്ത് ഉൽപ്പാദനത്തിന്റെ' (Wealth Creation) ആവശ്യകതയാണ്. കടമെടുത്ത് എത്രകാലം നമുക്ക് മുന്നോട്ട് പോകാനാകും? യുവാക്കൾ ജോലി തേടി നാടുവിടുകയും, കേരളം ഒരു 'റിട്ടയർമെൻ്റ് ഹോം' ആയി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ മാറണം.
നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം - ഇവയെല്ലാം യു.ഡി.എഫ് കൊണ്ടുവന്ന കേരളത്തിൻ്റെ വലിയ ആസ്തികളാണ്. മുംബൈയിലെ പോലെ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ അന്തരീക്ഷം (Ease of doing business) കേരളത്തിലും വരണം. നോക്കുകൂലിയും ഉദ്യോഗസ്ഥരുടെ ചുവപ്പുനാടകളും ഇല്ലാത്ത ഒരു 'നിക്ഷേപക സൗഹൃദ കേരളം' ആണ് ഞങ്ങളുടെ ലക്ഷ്യം. പ്രവാസികളുടെ പണം മാത്രമല്ല, അവരുടെ വൈദഗ്ധ്യവും (Skills) ഉപയോഗിക്കാൻ ഒരു 'പ്രവാസി തിങ്ക് ടാങ്ക്' (Think Tank) രൂപീകരിക്കും.

*മുംബൈ മലയാളികളോട് ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?
മുംബൈയിലെ ലക്ഷക്കണക്കിന് മലയാളികൾ രാഷ്ട്രീയ കാര്യങ്ങളിൽ വലിയ താല്പര്യം കാണിക്കാറുണ്ടെങ്കിലും, വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിലോ വോട്ട് ചെയ്യുന്നതിലോ പലപ്പോഴും വിമുഖത കാണിക്കാറുണ്ട്. നമ്മൾ ജീവിക്കുന്ന മണ്ണിലെ രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ മാത്രമേ നമുക്ക് ഒരു രാഷ്ട്രീയ ശക്തിയായി മാറാൻ സാധിക്കൂ. അരാഷ്ട്രീയവാദം ഒരു പരിഹാരമല്ല.
പ്രവാസികളെ വെറും പണമയക്കുന്ന യന്ത്രമായോ വോട്ട് ബാങ്കായോ കാണുന്ന രീതി മാറണം; അവരെ കേരളത്തിന്റെ വികസനത്തിലെ തുല്യപങ്കാളികളായി ചേർത്തുപിടിക്കുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിനാണ് നാം തുടക്കം കുറിക്കേണ്ടത്. പ്രവാസികളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തിയ ചരിത്രമേ യു.ഡി.എഫിനുള്ളൂ. കാലത്ത് നടത്തിയ നിരന്തര ശ്രമഫലമായാണ് കൊച്ചു വേളി ട്രെയിൻ നമുക്ക് ലഭിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ഇന്നത്തെ സർക്കാർ പ്രവാസികളെ വെറും പണമയക്കുന്ന 'എ.ടി.എം മെഷീനുകളായി' മാത്രമാണ് കാണുന്നത്. പ്രവാസികളുടെ വൈകാരികമായ ആവശ്യങ്ങളേക്കാൾ അവരുടെ നിക്ഷേപങ്ങളിൽ മാത്രമാണ് അധികൃതർക്ക് താല്പര്യം.
*ഒരു മുംബൈ മലയാളി എൻ.ഡി.എ സ്ഥാനാർത്ഥിയായി കേരളത്തിൽ മത്സരിക്കുന്നുണ്ട് . എ.ഐ.കെ.എം.സി.സിപോലുള്ള മഹാരാഷ്ട്രയിലെ സംഘടനകൾ കേരളത്തിലെ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനുവേണ്ടി വളരെ സജീവമായ ഇടപെടലുകൾ നടത്തുന്നു. എന്തുകൊണ്ട് പ്രവാസികളായ യു.ഡി.എഫ് പ്രവർത്തകർ കേരളത്തിൽ സ്ഥനാർത്ഥികളായി പരിഗണിക്കപ്പെടുന്നില്ല?
ഒരു മുംബൈ മലയാളി എൻഡിഎ സ്ഥനാർത്ഥിയായി കേരളത്തിൽ മത്സരിക്കുന്നത് അവരുടെ പാർട്ടി തീരുമാനമായി കാണാം. എന്നാൽ ഇതിലെ സാങ്കേതികമായ ഒരു പ്രശ്നം, കേരളത്തിൽ വോട്ടവകാശമുള്ളവർക്ക് മാത്രമേ അവിടെ മത്സരിക്കാൻ സാധിക്കൂ എന്നതാണ്. 30-40 വർഷമായി മുംബൈയിൽ താമസിക്കുന്നവരുടെ പേര് ആറുമാസത്തിൽ കൂടുതൽ പുറത്തുനിൽക്കുമ്പോൾ നാട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ പ്രഗത്ഭരായ മറുനാടൻ മലയാളികളെ പാർലമെന്ററി രംഗത്തേക്ക്, പ്രത്യേകിച്ച് രാജ്യസഭയിലേക്കോ മറ്റോ പരിഗണിക്കുന്നത് എല്ലാ പാർട്ടികളും ആലോചിക്കേണ്ടതാണ്.
ഞാൻ മഹാരാഷ്ട്ര കോൺഗ്രസിൻ്റെ ജനറൽ സെക്രട്ടറിയായി ഇവിടെയുള്ള രാഷ്ട്രീയത്തിൽ സജീവമാകുമ്പോൾ ഇവിടെയുള്ള ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും പ്രാതിനിധ്യം കൂടി എൻ്റെ ഉത്തരവാദിത്വത്തിൽ പെടുന്നുണ്ട്. മലയാളികളെ പണ്ട് 'മദ്രാസികൾ' എന്നുവിളിച്ച് അടിച്ചോടിക്കുന്ന ഒരു സാഹചര്യം മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മൾ ഇവിടുത്തെ രാഷ്ട്രീയത്തിൽ സജീവമായതുകൊണ്ട് മലയാളികൾക്ക് ഒരു വലിയ സുരക്ഷിതത്വബോധം വന്നിട്ടുണ്ട്. നമ്മുടെ അന്യതാബോധം ഒഴിവാക്കാനും ഇവിടെയുള്ള ഭരണകൂടത്തിൽ മലയാളികളുടെ ശബ്ദമാകാനും ഇത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം സംഭവങ്ങൾ ഇനിയിവിടെ ആവർത്തിക്കുമെന്ന് തോന്നുന്നില്ല .എല്ലാ പ്രധാന പാർട്ടികളിലും സജീവമായി പ്രവർത്തിക്കുന്ന മലയാളികൾ ഉണ്ട് . പ്രാദേശികവാദങ്ങൾക്കൊന്നും ഇനി ഇവിടെ വലിയ പ്രസക്തിയില്ല.