FIFA WORLD CUP2026: മൻസാമ്പിയുടെ ഇരട്ട ഗോൾ മികവിൽ ബോസ്നിയയെ തകർത്ത് സ്വിറ്റ്സർലൻഡ്

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ തകർത്തുവിട്ട് സ്വിറ്റ്സർലൻഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വിസ് പട ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കൊയ്തത്. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി ഇരട്ട ഗോൾ നേടിയ ജോഹാൻ മൻസാമ്പിയാണ് സ്വിറ്റ്സർലൻഡിന്റെ വിജയശില്പി. ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഈ വിജയത്തോടെ സ്വിറ്റ്സർലൻഡ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
ആദ്യ പകുതി തികച്ചും വിരസമായിരുന്നു. ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതുമില്ല. എന്നാൽ രണ്ടാം പകുതിയിൽ സ്വിസ് കോച്ച് മുരത് യാക്കിൻ വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ കളിയുടെ ഗതി പൂർണ്ണമായി മാറ്റിമറിച്ചു. തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തറിനോട് സമനില വഴങ്ങേണ്ടി വന്ന സ്വിറ്റ്സർലൻഡിന് ഈ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു.ബെഞ്ചിൽ നിന്നിറങ്ങിയ ഫ്രെയ്ബർഗ് താരം ജോഹാൻ മൻസാമ്പി ഉജ്ജ്വലമായ ഒരു ഫസ്റ്റ് ടൈം സ്ട്രൈക്കിലൂടെ സ്വിറ്റ്സർലൻഡിന് ആദ്യ ലീഡ് സമ്മാനിച്ചു. അധികം വൈകാതെ മറ്റൊരു പകരക്കാരനായ താരം റൂബൻ വർഗാസ് വലതു കാൽ ഷോട്ടിലൂടെ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് വർഗാസ് നൽകിയ മനോഹരമായ പാസിൽ നിന്നും മൻസാമ്പി തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. ഇതോടെ അഡിഡാസ് ഗോൾഡൻ ബൂട്ട് റേസിലേക്കും മൻസാമ്പി തന്റെ പേര് കൂട്ടിച്ചേർത്തു.
റെക്കോർഡുകൾ തകർത്ത് മൻസാമ്പി
ഇരട്ട ഗോളോടെ വലിയൊരു റെക്കോർഡും മൻസാമ്പി സ്വന്തമാക്കി. 20 വർഷവും 247 ദിവസവും പ്രായമുള്ള മൻസാമ്പി, ഫിഫ ലോകകപ്പ് ചരിത്രത്തിൽ സ്വിറ്റ്സർലൻഡിനായി ഒരു മത്സരത്തിൽ രണ്ടോ അതിലധികമോ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. കൂടാതെ, ലോകകപ്പിൽ സ്വിസ് ടീമിനായി പകരക്കാരന്റെ ബെഞ്ചിൽ നിന്നിറങ്ങി ഒന്നിലധികം ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടവും ഈ യുവതാരം സ്വന്തം പേരിൽ കുറിച്ചു.മറുവശത്ത്, ബ്രീല് എംബോളോയെ ഫൗൾ ചെയ്തതിന് ബോസ്നിയൻ താരം താരിഖ് മുഹറെമോവിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് ബോസ്നിയക്ക് വലിയ തിരിച്ചടിയായി. പത്തുപേരുമായി ചുരുങ്ങിയ ടീം ഇഞ്ചുറി ടൈമിൽ എർമിൻ മഹ്മിക്കിന്റെ തകർപ്പൻ ഗോളിലൂടെ ഒരെണ്ണം മടക്കിയെങ്കിലും അവർക്ക് തിരിച്ചുവരവിന് സമയമില്ലായിരുന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സ്വിസ് ക്യാപ്റ്റൻ ഗ്രാനിറ്റ് ചാക്ക ടീമിന്റെ 4-1 വിജയം പൂർത്തിയാക്കി.