രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

രാജസ്ഥാനിൽ അനധികൃത പടക്ക ഗോഡൗണിൽ  തീപിടിത്തo; ഏഴ് പേർ വെന്തുമരിച്ചു

ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക ഗോഡൗണിലുണ്ടായ വൻ സ്ഫോടനത്തിലും തീപിടിത്തത്തിലും ഏഴ് തൊഴിലാളികൾ വെന്തുമരിച്ചു  ജയ്പൂരിലെ ഖോ നഗോറിയാൻ പ്രദേശത്ത് ഇന്ന്  രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. ആയിഷ നഗർ തലായി കോളനിയിലെ ഒരു ജനവാസമുള്ള വീടാണ് നിയമവിരുദ്ധമായി പടക്കങ്ങൾ സംഭരിക്കാനുള്ള ഗോഡൗണായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.തീപിടിത്തത്തിൽ ഏഴ് പേർ മരണപ്പെട്ടതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിനോദ് ശർമ അറിയിച്ചു. ഗോഡൗണിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേർ എസ്എംഎസ് (SMS) ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഒരാൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലും മരണപ്പെട്ടു. അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം പൂർണ്ണമായി കരിഞ്ഞുപോയതിനാൽ ഇയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സമീർ, ആബിദ്, നാസിർ, അബ്ദുൾ വാഹിദ്, ബിലാൽ എന്നിവരാണ് മരണപ്പെട്ട മറ്റ് അഞ്ച് പേർ.പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ജനവാസ മേഖലയിലെ കെട്ടിടത്തിനുള്ളിൽ അശാസ്ത്രീയമായി സൂക്ഷിച്ചിരുന്ന കത്തുന്ന വീര്യമേറിയ രാസവസ്തുക്കളാണ് വലിയ തീപിടിത്തത്തിന് കാരണമായതെന്ന് ജയ്പൂർ കളക്ടർ സന്ദേശ് നായക് പറഞ്ഞു. സാധാരണ താമസ വീടാണ് പടക്ക ഗോഡൗണായി ഉപയോഗിച്ചിരുന്നതെന്നും ഇതിനോട് ചേർന്ന് നിയമവിരുദ്ധമായി ഒരു നിർമ്മാണ യൂണിറ്റ് കൂടി പ്രവർത്തിച്ചിരുന്നതായും പോലീസ് കമ്മീഷണർ സച്ചിൻ മിത്തൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി ലംഘിച്ചാണ് ഇത് പ്രവർത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടത്തിനുള്ളിൽ പെട്ടെന്ന് തീ പടർന്നതോടെ തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയതായും എന്നാൽ ചിലർ മാരകമായ പുകയ്ക്കുള്ളിൽ അകത്ത് തന്നെ കുടുങ്ങിപ്പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷപ്പെട്ട് പുറത്തെത്തിയ തൊഴിലാളികളിൽ ചിലർ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ് റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വിവരിക്കുന്നു. അഗ്നിശമന സേന സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ചേർന്ന് സാഹസികമായി ചിലരെ അകത്ത് നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മിനിറ്റുകൾക്കകം തീയണച്ചതിനാലാണ് തീ സമീപത്തെ മറ്റ് വീടുകളിലേക്ക് പടരാതെ വൻ ദുരന്തം ഒഴിവായത്. തീ കെട്ടിടം മുഴുവൻ വിഴുങ്ങുന്നതിന് തൊട്ടുമുമ്പ് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ കെട്ടിട ഉടമയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.നാലു മാസത്തിനിടെ രാജസ്ഥാനിൽ സമാനമായ രീതിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖൈർത്തൽ-തിജാര ജില്ലയിലെ ഭിവാഡി പട്ടണത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക ഫാക്ടറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിലും ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ സംസ്ഥാനത്തെ അനധികൃത പടക്ക നിർമ്മാണ ശാലകൾക്കെതിരെയുള്ള പരിശോധനകളുടെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.