ഡൽഹിയിലെ വസതിയിൽ തീപിടിത്തം; ഇന്ത്യയുടെ ആദ്യ കോമ്പറ്റീഷൻ കമ്മീഷൻ ചെയർമാന്‍ ധനേന്ദ്ര കുമാർ മരിച്ചു

ഡൽഹിയിലെ വസതിയിൽ തീപിടിത്തം; ഇന്ത്യയുടെ ആദ്യ കോമ്പറ്റീഷൻ കമ്മീഷൻ ചെയർമാന്‍ ധനേന്ദ്ര കുമാർ മരിച്ചു

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ഹൗസ് ഖാസിലെ വസതിയിൽ ബുധനാഴ്‌ച രാത്രിയുണ്ടായ തീപിടിത്തത്തിൽ മുൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചെയർമാനും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ ധനേന്ദ്ര കുമാർ (80)മരിച്ചു. വസതിയിൽ തീപിടിത്തമുണ്ടായപ്പോൾ കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ അഞ്ച് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ധനേന്ദ്രയുടെ മകൻ ഗൗരവ് പരിക്കേറ്റ് ചികിത്സയിലാണ്. എയർ കണ്ടീഷണറിലെ ഇൻഡോർ യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പൊലീസും ഡൽഹി ഫയർ സർവീസസ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.തീ പെട്ടെന്ന് തന്നെ ആളിപടരുകയും വീടിനുള്ളിൽ പുക നിറയുകയും ചെയ്‌തു. വാട്ടർ ബൗസർ ഉൾപ്പെടെ രണ്ട് ഫയർ എഞ്ചിനുകൾ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പുക ശ്വസിച്ചുള്ള മരണം

ധനേന്ദ്രയെയും മകൻ ഗൗരവിനെയും പൊലീസും ഫയർഫോഴ്‌സും ചേർന്ന് എയിംസ് ട്രോമ സെൻ്ററിലേക്ക് മാറ്റി. മകൻ ഗൗരവ് അപകടനില തരണം ചെയ്‌തു. എന്നാൽ ചികിത്സയ്ക്കിടെ ധനേന്ദ്ര മരിച്ചു."ചികിത്സയ്ക്കിടെ പുക ശ്വസിച്ചാണ് ധനേന്ദ്ര കുമാർ മരിച്ചത്" എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അനന്ത് മിത്തൽ പറഞ്ഞു.ധനേന്ദ്ര കുമാറിൻ്റെ ഭാര്യയെയും രണ്ട് വീട്ടുജോലിക്കാരെയും രക്ഷപ്പെടുത്തി. പുലർച്ചെ 12.20 ഓടെ തീ നിയന്ത്രണവിധേയമാക്കി. താഴത്തെ നിലയിലെ വീട്ടുപകരണങ്ങൾക്കും രണ്ട് നിലകളുള്ള കെട്ടിടത്തിൻ്റെ ഒന്നാം നിലയിലെ മര ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിലെ പിഴവുകളെ വിമർശിച്ച് അയൽക്കാർ

ധനേന്ദ്ര കുമാറിൻ്റെ വസതിയിൽ തീപിടിച്ചപ്പോൾ കുടുംബാംഗങ്ങൾ വേറെ മുറികളിലായിരുന്നു. പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്‌ദം കേട്ടുവെന്നും തുടർന്ന് വീട് പെട്ടെന്ന് പുക കൊണ്ട് നിറഞ്ഞുവെന്നും അയൽവാസികൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ എത്തുന്നതിനുമുമ്പ് അയൽക്കാർ അടിയന്തര സുരക്ഷ സേവനങ്ങളെ വിവരം അറിയിക്കുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്‌തു.അടിയന്തര രക്ഷാ പ്രവർത്തനത്തിൽ താമസമുണ്ടായെന്ന് അയൽവാസികൾ ആരോപിച്ചു. പ്രദേശത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണമായിരിക്കാം ഉടനെയുള്ള രക്ഷാപ്രവർത്തനം വൈകിയത് എന്ന വാദത്തെ അയൽവാസിയായ സ്‌ത്രീ എതിർത്തു.

"ഇത് ഒരു ചേരിയല്ല. അഗ്നിശമന സേന വളരെ എളുപ്പത്തിൽ എത്തി. എല്ലാ അയൽക്കാരും ഉണ്ടായിരുന്നു. ധനേന്ദ്ര കുമാറും ഭാര്യയും പ്രായമായവരാണ്. അവരും അവരുടെ ജീവനക്കാരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. അദ്ധേഹം ഇത്രയും പ്രധാനപ്പെട്ട ഒരു തസ്‌തികയിൽ സേവനമനുഷ്ഠിച്ചിട്ടും സഹായം ലഭിക്കാൻ വളരെയധികം സമയമെടുത്തു": അയൽവാസിയായ സ്‌ത്രീ മറുപടി നൽകി.

 ഇവിടെ നിന്ന് കഷ്ടിച്ച് 300 മീറ്റർ അകലെയാണ് ഒരു പൊലീസ് സ്റ്റേഷൻ. ഞങ്ങളുടെ ആർ‌ഡബ്ല്യു‌എ ഗ്രൂപ്പിലെ ആളുകളെ തീപിടുത്തത്തെക്കുറിച്ച് ഞങ്ങൾ അറിയിച്ചിരുന്നു. പക്ഷേ ആരുടെയും പക്കൽ ഒരു അഗ്നിശമന ഉപകരണം ഉണ്ടായിരുന്നില്ല. പൈപ്പുകളും ബക്കറ്റ് വെള്ളവും ഉപയോഗിച്ച് ഞങ്ങൾ അത് നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു.ഞാൻ നേരിട്ട് പൊലീസ് സ്റ്റേഷനിൽ പോയി അവരോട് അഭ്യർത്ഥിച്ചു. പിന്നീട് അവർ പൊലീസ് സ്റ്റേഷനിൽ നിന്ന് അഗ്നിശമന ഉപകരണം കൊണ്ടുവന്നു ."അടിയന്തര സേവനങ്ങളുടെ താമസത്തെ ചോദ്യം ചെയ്‌ത് കൊണ്ട് അവർ കൂട്ടിച്ചേർത്തു,സമയബന്ധിതമായ ഇടപെടലിലൂടെ കുമാറിൻ്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നോ എന്ന് ചോദിച്ചപ്പോൾ അത് പറയാൻ കഴിയില്ലെന്നും വ്യവസ്ഥാപരമായ പോരായ്‌മകളുണ്ടായിട്ടുണ്ടെന്നും അവർ വാദിച്ചു.

മുറിയിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിൽ നിന്നാണ് തീ പടർന്നതെന്നതെന്ന് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ജീവനക്കാരൻ രമേശ് കുമാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുക എന്നതായിരുന്നു മുൻഗണന. ധനേന്ദ്രയുടെ ഭാര്യ തളർന്നുപോയതിനാൽ അവരെ വീൽചെയറിൽ പുറത്തെടുത്തു. പിന്നീട് ധനേന്ദ്രയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് അയച്ചുവെന്നും സംഭവം നടക്കുമ്പോൾ ധനേന്ദ്ര സ്വന്തം മുറിയിലായിരുന്നുവെന്നും കുമാർ പറഞ്ഞു.പുക വീടിലുടനീളം പടർന്നുവെന്നും അത് സഹിക്കാവുന്നതിലും അപ്പുറമായിരിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണം പുരോഗമിക്കുന്നു

എഎന്‍ഐ,യുടെ റിപ്പോർട്ട് പ്രകാരം കുറ്റാന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ വൈദ്യുത പരിശോധന നടന്നുവരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സംഭവത്തിൽ ദുരൂഹതയൊന്നും തോന്നിയിട്ടില്ലെന്നും വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

1968 ബാച്ച് ഹരിയാന കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനും ഇന്ത്യയിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥന്മാരിൽ ഒരാളുമായിരുന്നു ധനേന്ദ്ര കുമാർ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ഹരിയാന ഗവൺമെൻ്റിലെ നിരവധി ഉന്നത പദവികൾ വഹിക്കുന്നതിനുമുമ്പ് അദ്ദേഹം കർണാൽ, ജിന്ദ് ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്‌ഠിച്ചു.ഹരിയാന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ്റെ ചെയർമാനായും മാനേജിംഗ് ഡയറക്‌ടറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചു . കൂടാതെ സംസ്ഥാനത്തിൻ്റെ വ്യാവസായിക, അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായക പങ്ക് വഹിച്ചു.കേന്ദ്രത്തിൽ, പ്രതിരോധ ഉൽപ്പാദനം, റോഡ് ഗതാഗതം, ഹൈവേകൾ, സംസ്‌കാരം എന്നിവയുൾപ്പെടെ നിരവധി മന്ത്രാലയങ്ങളിൽ ധനേന്ദ്ര കുമാർ പ്രധാന സ്ഥാനങ്ങൾ വഹിച്ചു. 2005 ഒക്ടോബറിൽ പ്രതിരോധ ഉൽപ്പാദന വകുപ്പിൻ്റെ സെക്രട്ടറിയായി അദ്ദേഹം വിരമിച്ചു.2005 നും 2009 നും ഇടയിൽ, ലോകബാങ്കിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി പ്രതിനിധീകരിച്ചു.2009 ൽ, അദ്ദേഹം ഇന്ത്യയുടെ ആദ്യ കോമ്പറ്റീഷൻ കമ്മീഷൻ്റെ ചെയർമാനായി, രാജ്യത്തെ മത്സരങ്ങളുടെ നിയമ ചട്ടക്കൂട് സ്ഥാപിക്കുന്നതിലും വിപണി നിയന്ത്രണം ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു.വിരമിച്ചതിനു ശേഷവും, കുമാർ പൊതുനയത്തിലും കോർപ്പറേറ്റ് കാര്യങ്ങളിലും സജീവമായി തുടർന്നു. കോംപറ്റീഷൻ അഡ്വൈസറി സർവീസസ് ഇന്ത്യ എൽഎൽപി (കോംപാഡ്) യുടെ സ്ഥാപക ചെയർമാനായും ഇന്ത്യൻ ഇൻസ്റ്റ്‌റ്റിറ്റ്യൂട്ട് ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സിലെ സ്‌കൂൾ ഓഫ് കോംപറ്റീഷൻ ലോയുടെ പ്രിൻസിപ്പൽ ഉപദേഷ്‌ഠാവായും സേവനമനുഷ്‌ഠിച്ചു.