ഡൽഹിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണു ; നാല് മരണം, മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള അഞ്ച് നില വാണിജ്യ കെട്ടിടം തകർന്നുവീണ സ്ഥലം മുഖ്യമന്ത്രി രേഖാ ഗുപ്ത സന്ദർശിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ, സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.മെഹ്‌റോളി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സൗത്ത് ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിൻ്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. ഇന്നലെ വൈകുന്നേരത്തോടെയാണ് സൈദുലജാബ് പ്രദേശത്തെ വെസ്റ്റേൺ മാർഗിലുള്ള അഞ്ച് നില കെട്ടിടം തകർന്ന് വൻ ദുരന്തം സംഭവിച്ചത്. അപകടത്തില്‍ നാല് പേർ മരിക്കുകയും എട്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.എൻഡിആർഎഫ്, ഡിഎഫ്എസ്, ഡിഡിഎംഎ, ഡൽഹി പൊലീസ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനത്തിന് പങ്കാളികളായത്. കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ തെരയാൻ രക്ഷാപ്രവർത്തകർ ഹെവി മെഷിനറികൾ, ഹൈഡ്രോളിക് കട്ടറുകൾ, ക്യാമറകൾ, സ്‌നിഫർ നായ്ക്കൾ എന്നിവയുടെ സഹായം തേടി. പരിക്കേറ്റ എട്ട് പേരെ എയിംസ് ട്രോമ സെൻ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഗുരുഗ്രാമിലെ തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരിയിൽ നിന്നുള്ള സൈക ഖാൻ (27), സൈദുലജാബിൽ നിന്നുള്ള നീലം യാദവ് (25), സാകേതിൽ നിന്നുള്ള ആദിത്യ ശർമ്മ (24), നോയിഡയിൽ നിന്നുള്ള ക്ഷിതിജ് പ്രതാപ് (25), സാകേതിൽ നിന്നുള്ള അനുജ് ദീക്ഷി (25), സൈദുലജാബിൽ നിന്നുള്ള ആസ്ത (25), സാകേതിൽ നിന്നുള്ള വിശാൽ (24) എന്നിവർക്കാണ് പരിക്കേറ്റത്.സന്ദർശന വേളയിൽ മുഖ്യമന്ത്രി നിലവിലുള്ള ആശ്വാസ-രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുകയും, ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ അവകാശപ്പെട്ടു. ബന്ധപ്പെട്ട ഏജൻസികൾ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ നടത്തുന്നതെന്ന് രേഖാ ഗുപ്ത പറഞ്ഞു.പ്രദേശത്തെ പല കെട്ടിടങ്ങളിലും വ്യാപകമായി നടക്കുന്ന അനധികൃത നിർമാണങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളുടെ കുറവിനെക്കുറിച്ചും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചു."എല്ലാ അനധികൃത കെട്ടിടങ്ങൾക്കെതിരെയും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകും," മുഖ്യമന്ത്രി പറഞ്ഞു.
സമീപപ്രദേശങ്ങളിലെ ജീർണിച്ചതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പരിശോധിച്ച് ആവശ്യമായ ഇടങ്ങളിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് കൂടുതൽ നിർദ്ദേശം നൽകി.രക്ഷാപ്രവർത്തനം അടിയന്തിരമായി നടക്കുന്നുണ്ടെന്നും, കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെടുക്കുന്നതിനും ദുരിതബാധിത കുടുംബങ്ങൾക്ക് ഉടനടി സഹായം എത്തിക്കുന്നതിനുമായി എല്ലാ ഏജൻസികളും പരസ്പര ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി ആഭ്യന്തര മന്ത്രി ആശിഷ് സൂദ് പറഞ്ഞു.
കെട്ടിടത്തിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. സംഭവ സമയത്ത് മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കെട്ടിടം പൂർണമായും തകർന്നുവെന്നും മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പതിവായി സഞ്ചരിച്ചിരുന്ന തൊട്ടടുത്തുള്ള ടിൻ ഷെഡ് കാൻ്റീനിലേക്ക് കെട്ടിട അവശിഷ്ടങ്ങൾ ഇടിഞ്ഞു വീണുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.