വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

വ്യാജ ഒപ്പ് കേസ്: മമത ബാനർജിയുടെ വസതിയിൽ സിഐഡി റെയ്ഡ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ വ്യാജ ഒപ്പിടൽ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ കൊൽക്കത്തയിലെ കാളീഘട്ടിലുള്ള വസതിയിൽ സംസ്ഥാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) സംഘം റെയ്ഡ് നടത്തി. ഭവാനി ഭവനിൽ നിന്ന് നേരിട്ടെത്തിയ സി.ഐ.ഡി ഉദ്യോഗസ്ഥർ മമതയുടെ വസതിയിലും ഇതിന് എതിർവശത്തുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലും പരിശോധന നടത്താനാണ് എത്തിയത്. ഇതോടൊപ്പം തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ കാമാക് സ്ട്രീറ്റിലുള്ള ഓഫീസിലും സി.ഐ.ഡി സംഘം പരിശോധന നടത്തിയിട്ടുണ്ട്.പരിശോധനയ്ക്കായി കാളീഘട്ടിലെ വസതിക്ക് മുന്നിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ എത്തിയതോടെ വലിയ രീതിയിലുള്ള തർക്കവും സംഘർഷാവസ്ഥയുമാണ് പ്രദേശത്ത് ഉടലെടുത്തത്. തൃണമൂൽ നേതാവ് സുഭാഷിഷ് ചക്രവർത്തിയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പോലീസിന്‍റെയും സി.ഐ.ഡിയുടെയും പ്രവേശനം തടയാൻ ശ്രമിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലാണെന്നും അവരുടെ അഭാവത്തിൽ ഒരു വോളന്റിയർ മാത്രമായ തനിക്ക് സി.ഐ.ഡി സംഘത്തിന് അകത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്നുമായിരുന്നു സുഭാഷിഷ് ചക്രവർത്തിയുടെ നിലപാട്.പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിരോധം മറികടന്നാണ് ഒടുവിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ മുൻ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിലേക്ക് പ്രവേശിച്ചത്. പരിശോധനയ്ക്കായി കൃത്യമായ സെർച്ച് വാറന്റും മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അറിയിപ്പും നൽകിയിട്ടുണ്ടെന്നും നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും സി.ഐ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. വസതിക്കുള്ളിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിശോധനകൾ ആരംഭിക്കുകയും ഇതിന്‍റെ ദൃശ്യങ്ങൾ പൂർണ്ണമായി വീഡിയോയിൽ പകർത്താൻ തുടങ്ങുകയും ചെയ്തു.

എന്നാൽ മമതയുടെ വീടിന് എതിർവശത്തുള്ള പാർട്ടി ഓഫീസിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയും തർക്കങ്ങൾ നിലനിന്നിരുന്നു. വസതിക്ക് ഉള്ളിലുള്ള മറ്റൊരു പാർട്ടി ഓഫീസിലും പരിശോധന നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. നിയമസഭയിലെ ഒപ്പ് വ്യാജമായി ചമച്ചെന്ന പരാതിയിൽ വലിയ രാഷ്ട്രീയ-ഭരണപരമായ ചലനങ്ങളാണ് ഇപ്പോൾ ബംഗാളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അഭിഷേക് ബാനർജിക്ക് സി.ഐ.ഡി മൂന്നാം തവണയും നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യകാരണങ്ങളും ഡൽഹിയിലെ രാഷ്ട്രീയ യോഗങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.ഡി നേരിട്ട് വസതികളിൽ സെർച്ച് വാറന്റുമായി പരിശോധനയ്ക്ക് എത്തിയത്. വരും ദിവസങ്ങളിൽ ഈ കേസ് ബംഗാൾ രാഷ്ട്രീയത്തിൽ കൂടുതൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് സൂചന.