ഷിഗല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരണപ്പെട്ടു

ഷിഗല്ല  രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരണപ്പെട്ടു

 കോഴിക്കോട്: ജില്ലയിൽ ഷിഗല്ല  രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരണപ്പെട്ടു. തലക്കുളത്തൂർ സ്വദേശി ബബീഷിന്റെ മകൾ നിളയാണ് മരിച്ചത് . രോഗബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളിൽ ഇന്നലെയാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന കുടലിലെ അണുബാധയാണ് ‘ഷിഗല്ലോസിസ്’. സാധാരണ വയറിളക്കത്തേക്കാൾ അതീവ ഗുരുതരമായ അവസ്ഥയാണിത്. രോഗ ലക്ഷണങ്ങൾ കടുത്തതായാൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത് മരണത്തിന് വരെ കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്.

പ്രധാന ലക്ഷണങ്ങൾ: വയറിളക്കം, കടുത്ത പനി, ശക്തമായ വയറുവേദന, ഛർദ്ദി, അമിതമായ ക്ഷീണം, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ കുടലിന്റെ ആവരണങ്ങളെ നേരിട്ട് ബാധിക്കുന്നതിനാലാണ് മലത്തോടൊപ്പം രക്തം പുറംതള്ളപ്പെടുന്നത്. സാധാരണഗതിയിൽ രണ്ട് മുതൽ ഏഴ് ദിവസം വരെ ഈ ലക്ഷണങ്ങൾ നീണ്ടുനിൽക്കാം.

ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കൃത്യമായി കഴുകുക.

ചെറിയ കുട്ടികളുടെ ഡയപ്പറുകൾ ശരിയായ വിധത്തിൽ സുരക്ഷിതമായി സംസ്‌കരിക്കുക.

രോഗ ലക്ഷണങ്ങൾ ഉള്ളവർ യാതൊരു കാരണവശാലും ആഹാരം പാകം ചെയ്യാതിരിക്കുക.

പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത്.

ആഹാരസാധനങ്ങൾ എപ്പോഴും ഈച്ചവളരാത്ത രീതിയിൽ ശരിയായി മൂടിവെക്കുക.

ആഹാരം പാകം ചെയ്യുന്ന സ്ഥലങ്ങളും അടുക്കളയും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.