ഇനി മുതൽ നീറ്റ് പരീക്ഷ പൂർണമായും സിബിടി മോഡിൽ; സുപ്രധാന തീരുമാനവുമായി എൻടിഎ

ഇനി മുതൽ നീറ്റ് പരീക്ഷ പൂർണമായും സിബിടി മോഡിൽ; സുപ്രധാന തീരുമാനവുമായി എൻടിഎ

ന്യൂഡൽഹി: 2027 മുതൽ നീറ്റ്-യുജി പൂർണമായും കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായി നടത്താൻ തയാറാണെന്ന് സുപ്രീം കോടതിയെ അറിയിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA). കേന്ദ്രസർക്കാരുമായുള്ള കൂടിയാലോചനയ്‌ക്ക് ശേഷമാണ് എൻടിഎ ഈ സുപ്രധാന തീരുമാനത്തിൽ എത്തിയത്. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് എൻടിഎ തീരുമാനം അറിയിച്ചത്.ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഉന്നതതല വിദഗ്‌ധ സമിതി (എച്ച്എൽസിഇ) നീറ്റ് യുജി സിബിടി മോഡിലേക്ക് മാറ്റാൻ ശുപാർശ ചെയ്‌തിട്ടുണ്ടെന്ന് എൻടിഎ പറഞ്ഞു.

"മൾട്ടി-സെഷൻ, മൾട്ടി-സ്റ്റേജ് ടെസ്റ്റിങ് എന്നിവ അവതരിപ്പിക്കുന്നതിനൊപ്പം, നീറ്റ്-യുജി പരീക്ഷ പിപിടിയിൽ നിന്ന് സിബിടി മോഡിലേക്ക് മാറ്റാൻ എച്ച്എൽസിഇ പ്രത്യേകം ശുപാർശ ചെയ്‌തിട്ടുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായുള്ള കൂടിയാലോചനകൾക്ക് ശേഷം അടുത്ത പരീക്ഷ മുതൽ ഈ മാറ്റം നടപ്പിലാക്കും. അതുവഴി എല്ലാ പ്രധാന എൻടിഎ പരീക്ഷകളും സിബിടി ഫോർമാറ്റിൽ നടത്തും," എൻടിഎ ഡയറക്‌ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.പ്രധാന എൻടിഎ പരീക്ഷകളിൽ, നീറ്റ്-യുജി മാത്രമാണ് പേനയും പേപ്പറും (PPT) ഉപയോഗിച്ച് പരീക്ഷ നടത്തുന്നത്. പ്രാഥമികമായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെയും ദേശീയ മെഡിക്കൽ കമ്മീഷൻ്റെയും ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിപിട ഫോർമാറ്റിൽ പരീക്ഷ നടത്തുന്നതെന്നും മറ്റ് എല്ലാ പ്രധാന പരീക്ഷകളും ഇതിനകം സിബിടി ഫോർമാറ്റിലേയ്‌ക്ക് മാറ്റിയിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ (CBT)

പേനയും പേപ്പറും ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിന് പകരം കമ്പൂട്ടറിൽ നടത്തുന്ന പരീക്ഷാ രീതിയാണ് സിബിടി.

കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ സവിശേഷതകള്‍

ചോദ്യങ്ങൾ സ്ക്രീനിൽ ദൃശ്യമാകും

മൗസ് അല്ലെങ്കിൽ കീബോർഡ് ഉപയോഗിച്ചാണ് ഉത്തരങ്ങൾ തെരഞ്ഞെടുക്കുന്നത്

ചോദ്യങ്ങൾക്കിടയിലുള്ള നാവിഗേഷൻ ഡിജിറ്റൽ ആണ്

പ്രതികരണങ്ങൾ സിസ്റ്റത്തിൽ സംരക്ഷിക്കപ്പെടുന്നു