ജി 7 ഉച്ചകോടി: ഉക്രെയ്‌നിനെ പിന്തുണച്ച് ലോകനേതാക്കൾ , യുഎസ്-ഇറാൻ കരാറിനെ സ്വാഗതം ചെയ്തു

പാരീസ്: ഫ്രാൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ സ്വാഗതം ചെയ്‌ത് അംഗരാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ശക്തമായ നേതൃത്വത്തിൽ അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ കരാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാനും അവരുടെ പ്രാദേശിക, ബാലിസ്റ്റിക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനുമുള്ള മികച്ച അവസരമായാണ് ഇതിനെ വിലയിരുത്തുന്നത്. കരാർ നടപ്പിലാക്കുന്നതിന് സംഭാവന നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ നേതാക്കൾ, അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ പങ്കാളികളെ ഉൾപ്പെടുത്തിയുള്ള വിപുലമായ നയതന്ത്ര ചർച്ചകളെ പിന്തുണയ്ക്കുകയും ചെയ്‌തു.ഹോർമുസ് കടലിടുക്കിലൂടെയുള്ള നിയന്ത്രണങ്ങളില്ലാത്ത ഗതാഗതത്തിനുള്ള പിന്തുണ പ്രഖ്യാപനത്തിൽ ആവർത്തിച്ചു. തന്ത്രപ്രധാനമായ ഈ ജലപാതയിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സമുദ്ര ഗതാഗതം പുനരാരംഭിക്കുന്നതിനും ഫ്രാൻസും ബ്രിട്ടനും നേതൃത്വം നൽകുന്ന ബഹുരാഷ്ട്ര മുൻകൈകൾക്ക് ഉച്ചകോടി അംഗീകാരം നൽകി.

യുക്രെയ്‌ന് കൂടുതൽ സൈനിക സഹായം
യുക്രെയ്‌ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഇൻ്റർസെപ്റ്ററുകൾ, ദീർഘദൂര ആക്രമണ ശേഷിയുള്ള ആയുധങ്ങൾ എന്നിവ നൽകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. ഇതിനുപുറമെ, ലൈസൻസിങ് ക്രമീകരണങ്ങളിലൂടെ യുക്രെയ്‌ൻ്റെ ആഭ്യന്തര സൈനിക ഉത്പാദനം വിപുലീകരിക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. വരാനിരിക്കുന്ന ശൈത്യകാലത്തിന് മുന്നോടിയായി യുക്രെയ്‌ൻ്റെ ഊർജ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പിന്തുണ നൽകാനും തീരുമാനിച്ചു. എണ്ണ, വാതക മേഖലകളെ ലക്ഷ്യമിട്ടുള്ള നടപടികൾ ഉൾപ്പെടെ ശക്തമായ ഉപരോധങ്ങളിലൂടെ റഷ്യയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള സമ്മർദം ശക്തമാക്കുമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.യുക്രെയ്‌ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ജി7 രാജ്യങ്ങളുടെ പ്രസ്താവന പുറത്തുവരുന്നത്. ഉത്തരവാദിത്തപൂർണവും ഗൗരവമേറിയതുമായ ചർച്ചകൾക്ക് തയ്യാറാണെങ്കിൽ യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിക്ക് മോസ്കോയിലേക്ക് വരാമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.എന്നാൽ മോസ്കോയും കിയവും തമ്മിൽ നിലവിൽ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഉച്ചകോടിയുടെ ഭാഗമായി നടന്ന ജി7-യുക്രെയ്‌ൻ സെഷനിലെ തീരുമാനങ്ങളെ യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി സ്വാഗതം ചെയ്‌തു. കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ ലഭ്യമാക്കുക, ശൈത്യകാല പിന്തുണ ഉറപ്പാക്കുക, റഷ്യയ്ക്ക് മേലുള്ള സമ്മർദം വർധിപ്പിക്കുക എന്നീ കാര്യങ്ങളിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ കുറിച്ചു.