യുഎസ് നാവിക ഉപരോധം പിൻവലിച്ചു : 5 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നു

എവിയാൻ (ഫ്രാൻസ്): അമേരിക്ക നാവിക ഉപരോധം പിൻവലിച്ചതോടെ ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ കപ്പലുകളുടെ ഗതാഗതം പുനഃരാരംഭിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൻ്റെ പശ്ചാത്തലത്തിൽ കടലിടുക്ക് തുറക്കാൻ ധാരണയായതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ സ്ഥിരത കൈവരിച്ചു. ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ച് കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ തകർച്ചയ്ക്ക് ശേഷമാണ് എണ്ണവിലയിൽ സ്ഥിരത കൈവരിക്കുന്നത്. തിങ്കളാഴ്ച അഞ്ച് ശതമാനത്തോളം ഇടിഞ്ഞ ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 84 ഡോളറിന് താഴെയെത്തി.വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് വില ബാരലിന് 81 ഡോളറിനടുത്താണ്. കരാറിൻ്റെ കൂടുതൽ വിവരങ്ങൾക്കായി വ്യാപാരികളും ഉത്പാദകരും കാത്തിരിക്കുകയാണ്. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വെള്ളിയാഴ്ചയോടെ കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ടോൾ ഈടാക്കില്ലെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ഉപരോധം നീക്കിയതിന് പിന്നാലെ മൂന്ന് എണ്ണ ടാങ്കറുകളും രണ്ട് ചരക്കുകപ്പലുകളും ഉൾപ്പെടെ അഞ്ച് ഇറാനിയൻ കപ്പലുകൾ ഈ വഴി കടന്നുപോയതായി ഇറാൻ്റെ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് വലിയ ക്രൂഡ് കാരിയറുകൾ ഉൾപ്പെടെ നീങ്ങുന്നതായി ഫാർസ് വാർത്താ ഏജൻസിയും വ്യക്തമാക്കി. ലെബനനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ആദ്യ ദിവസം മുതൽ തന്നെ നടപ്പിലാക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ലെബനീസ് പാർലമെൻ്റ് സ്പീക്കർ നബിഹ് ബെറിയെ അറിയിച്ചു.60 ദിവസത്തെ ചർച്ചാ കാലയളവിലുടനീളം ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അമേരിക്കയുടെയും കരാർ ഉറപ്പുനൽകുന്നവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ അവകാശങ്ങളെ മാനിക്കാനുള്ള അമേരിക്കയുടെ സന്നദ്ധതയ്ക്കുള്ള പരീക്ഷണമാണ് ഈ കരാറെന്ന് ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു.കരാറിൻ്റെ വിശദാംശങ്ങൾ പുറത്തുവരാത്തതിനാൽ വിപണി ഇപ്പോഴും ജാഗ്രതയിലാണ്. കടലിടുക്കിലൂടെ വീണ്ടും ക്രൂഡ് ഓയിൽ നീക്കം സാധ്യമാകുമോ എന്നറിയാൻ വാങ്ങലുകാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഗൾഫ് ഊർജ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ വ്യക്തത വന്നതിന് ശേഷം മാത്രമേ കപ്പലുകൾ ഈ വഴി അയക്കാൻ കഴിയൂ എന്നാണ് ഷിപ്പിങ് കമ്പനികളുടെ നിലപാട്.
ഇൻ്റലിജൻസ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾ പ്രകാരം, നിലവിൽ 300 ചരക്കുകപ്പലുകൾ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കാനും അത്രതന്നെ കപ്പലുകൾ ഇങ്ങോട്ട് പ്രവേശിക്കാനും കാത്തുകിടക്കുന്നുണ്ട്. അമേരിക്കയും ഇറാനും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് ഹോർമുസ് അടച്ചിട്ടത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഊർജ വിതരണത്തെ സാരമായി ബാധിച്ചിരുന്നു. തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം അമേരിക്കയുടെ അടിയന്തര ക്രൂഡ് ഓയിൽ ശേഖരം 1983ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ജി7 രാജ്യങ്ങളുടെ ആശങ്ക
ലോകത്തെ എണ്ണ, പ്രകൃതിവാതക വിതരണത്തിൻ്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കുമെന്ന് ട്രംപ് ആവർത്തിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ സഖ്യകക്ഷികൾക്ക് ഇതിൽ പൂർണ വിശ്വാസമില്ല. വാരാന്ത്യത്തോടെ വ്യാപാരം പുനരാരംഭിക്കാനാകുമെന്ന കാര്യത്തിൽ അവർ വിയോജിപ്പ് പ്രകടിപ്പിച്ചു. മൈനുകൾ നീക്കം ചെയ്യുന്നതിലും പട്രോളിങ് നടത്തുന്നതിലും വ്യക്തത വരാനുണ്ടെന്നാണ് അവരുടെ നിലപാട്.ഇറാൻ വിഷയത്തിൽ ജി7 രാജ്യങ്ങൾക്കിടയിൽ പൊതുവായ തീരുമാനത്തിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ തങ്ങളുടെ സഹകരണം ഉണ്ടാകൂ എന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വ്യക്തമാക്കി.പെട്ടെന്ന് ഗതാഗതം സാധാരണ നിലയിലാകില്ലെന്ന് അമേരിക്കൻ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗതാഗതം വർധിക്കാൻ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നും, ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കുന്നതിന് മുൻപുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താൻ കൂടുതൽ സമയമെടുക്കുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യേണ്ടതുണ്ട്. 60 ദിവസത്തേക്ക് ടോൾ ഇല്ലാതെ കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ധാരണാപത്രത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും ഇത് അന്തിമ കരാറിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതമായ യാത്രയ്ക്ക് ടോൾ ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എണ്ണ വ്യവസായ പ്രമുഖർ വൈറ്റ് ഹൗസിനെ അറിയിച്ചിട്ടുണ്ട്. ഇറാൻ്റെ വിശദീകരണങ്ങളിൽ സംശയമുണ്ടെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം പ്രതികരിച്ചു.
കരാർ ഒപ്പുവയ്ക്കൽ
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വച്ചാണ് ഉദ്യോഗസ്ഥർ കരാറിൽ ഒപ്പുവയ്ക്കുന്നത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി ജനീവയിലാണ് ചടങ്ങ് നടക്കുന്നത്. താൻ ഒരുപക്ഷേ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്നും, അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു. കരാർ ഇതിനകം തന്നെ ഡിജിറ്റലായി ഒപ്പുവച്ചിട്ടുണ്ടെന്നും, ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജെ.ഡി വാൻസ് വ്യക്തമാക്കി.സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇല്ലാതാക്കുക, പരിശോധനകൾ അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇറാൻ സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തിയ ശേഷമേ ഉപരോധങ്ങളിൽ ഇളവ് നൽകുകയുള്ളൂ. കരാർ പാലിച്ചാൽ ഇറാനെ ആഗോള സമ്പദ്‌വ്യവസ്ഥയിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനും ഗൾഫ് രാജ്യങ്ങൾക്കും അമേരിക്കയ്ക്കും ഇറാനിലെ ജനങ്ങൾക്കും ഈ കരാർ ഗുണം ചെയ്യുമെന്നും വാൻസ് കൂട്ടിച്ചേർത്തു.
ആണവായുധങ്ങൾ അനുവദിക്കില്ല
കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. തൻ്റെ ജീവിത ദൗത്യമാണിതെന്നും, താൻ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം അത് സംഭവിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് സമ്മതിച്ചതായി ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്ക ഇറാനുവേണ്ടി 300 ദശലക്ഷം ഡോളർ നൽകുന്നുവെന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിൻ്റെ സമാധാന ശ്രമങ്ങൾ ഫലം കണ്ടുവെന്നും, ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്നത് ഉറപ്പാക്കിയെന്നും ജെ.ഡി വാൻസ് എക്സിലൂടെ പ്രതികരിച്ചു.