ടിഡിപിയില്‍ തലമുറ മാറ്റം; ദേശീയ വർക്കിങ് പ്രസിഡൻ്റായി നര ലോകേഷ്, ആദ്യ വനിതാ ദേശീയ ജനറൽ സെക്രട്ടറി ബി ശബരി

അമരാവതി: മാറ്റത്തിനൊരുങ്ങി ആന്ധ്രാപ്രദേശിലെ തെലുങ്കുദേശം പാർട്ടി (ടിഡിപി). ഐടി, മാനവ വിഭവശേഷി മന്ത്രി നാരാ ലോകേഷിനെ ടിഡിപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. പാർട്ടിയുടെ ആദ്യ വനിതാ ദേശീയ ജനറൽ സെക്രട്ടറിയായി നന്ദ്യാൽ എംപി ബി ശബരിയെ തെരഞ്ഞെടുത്തതായി പാർട്ടി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.അതേസമയം പാർട്ടിക്കുള്ളിലെ തന്ത്രപരമായ തലമുറമാറ്റമായാണ് ഈ നീക്കത്തെ പലരും നോക്കി കാണുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിൻ്റെ മകനാണ് ലോകേഷ്. ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ ടി രാമറാവുവിൻ്റെ (എൻടിആർ) ചെറുമകനും കൂടിയാണ് അദ്ദേഹം. പാര്‍ട്ടിയുടെ തന്ത്ര പ്രധാനമായ പദവിയില്‍ നര ലോകേഷിനെ നിയമിച്ചതോടെ തെലുഗു ദേശം പാര്‍ട്ടിയുടെ ഭാവി നീക്കങ്ങല്‍ക്ക് ചുക്കാന്‍ പിടിക്കുക ഈ യുവ നേതാവാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ദേശീയ വർക്കിങ് പ്രസിഡൻ്റ് എന്ന പദവിയിലിരുന്ന് പാര്‍ട്ടിയെ മുഴുവന്‍ ചലിപ്പിക്കാനുള്ള ചുമതല ലോകേഷിനായിരിക്കും. നാല്‍പ്പത്തി മൂന്നു കാരനായ നാരാ ലോകേഷ് നേരത്തേ പാര്‍ട്ടി യുവജന വിഭാഗത്തിന്‍റെ ചുമതല വഹിച്ച് ശ്രദ്ധേയനായിരുന്നു.കൂടാതെ പാർട്ടി പോളിറ്റ് ബ്യൂറോ, ദേശീയ, സംസ്ഥാന കമ്മിറ്റികളെയും പ്രഖ്യാപിച്ചു. ഗജുവാക്ക എംഎൽഎ പി. ശ്രീനിവാസ് റാവുവിനെ ടിഡിപി സംസ്ഥാന പ്രസിഡന്റായി വീണ്ടും നിയമിച്ചതായി പ്രസ്‌താവനയിൽ പറയുന്നു. കൂടാതെ രാജേഷ് കിലാരു, വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു എന്നിവരെയും ദേശീയ ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളികൾക്കുള്ള തയ്യാറെടുപ്പ്, പാർട്ടിയുടെ ഘടന ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നേതൃ ക്രമീകരണം നടത്തിയതെന്ന് പാർട്ടി പറഞ്ഞു.
പുതുതായി രൂപീകരിച്ച സംഘടനാ ഘടനയിൽ 29 അംഗ പൊളിറ്റ് ബ്യൂറോ, 31 അംഗ ദേശീയ കമ്മിറ്റി, 185 അംഗ സംസ്ഥാന കമ്മിറ്റി എന്നിവ ഉൾപ്പെടുന്നു. 2029ലെ തെരഞ്ഞെടുപ്പ്, മണ്ഡല പുനർനിർണയം ഉൾപ്പെടെയുള്ള ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സംഘടന പുതുക്കിപ്പണിതത്. പൊളിറ്റ് ബ്യൂറോയിലും ദേശീയ കമ്മിറ്റികളിലും കാര്യമായ പ്രാതിനിധ്യം വാഗ്‌ദാനം ചെയ്‌ത് 50 ഓളം സ്ത്രീകളെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു.175 അംഗ ആന്ധ്രാ പ്രദേശ് നിയമ സഭയില്‍ തെലുഗു ദേശം പാര്‍ട്ടിക്ക് 135 അംഗങ്ങളാണുള്ളത്. സഖ്യ കഭിയായ ജനസേനാ പാര്‍ട്ടിക്ക് ഇരുപത്തിയൊന്നും ബിജെപിക്ക് എട്ടും അംഗങ്ങളുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കേവലം 11 സീറ്റിലൊതുക്കിക്കൊണ്ടായിരുന്നു 2024 ലെ തെരഞ്ഞെടുപ്പില്‍ തെലുഗു ദേശം പാര്‍ട്ടിയുടെ കുതിപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലുഗുദേശം പാര്‍ട്ടി 16 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും ജനസേന പാര്‍ട്ടി രണ്ട് സീറ്റിലും വിജയിച്ചിരുന്നു. മൂന്ന് വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനയെ ചലനാത്മകമാക്കുകയും മണ്ഡല പുനര്‍നിര്‍ണ്ണയ പ്രക്രിയയില്‍ രാഷ്ട്രീയമായി ഇടപെടുകയും അടക്കമുള്ള വലിയ ലക്ഷ്യങ്ങള്‍ പാര്‍ട്ടിക്ക് മുന്നിലുണ്ട്.