സൈനിക ക്യാമ്പിൽ ഗ്രനേഡ് സ്ഫോടനം: 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലുള്ള കമാൽകോട്ട് സൈനിക ക്യാമ്പിലുണ്ടായ അപ്രതീക്ഷിത ഗ്രനേഡ് സ്ഫോടനത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്നലെ നടന്ന പതിവ് ഉപകരണ കൈമാറ്റത്തിനിടെയാണ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചത്. പരിക്കേറ്റ സൈനികരെ ഉടൻ തന്നെ കരസേനയുടെ 92 ബേസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് അപകടകരമായ ഒരു സംഭവമാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ റിപ്പോർട്ട് ലഭ്യമാക്കുന്ന മുറയ്ക്ക് പ്രതിരോധ വകുപ്പ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് ശ്രീനഗറിലെ പ്രതിരോധ പിആർഒ അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി കടന്നെത്തിയ 14 വയസ്സുകാരനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. നിയന്ത്രണ രേഖ മറികടന്ന് മെന്ദർ സെക്ടറിലെ നാഗ്രി ടെക്രി പ്രദേശത്ത് എത്തിയ പാകിസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ സൈന്യം പിടികൂടുകയായിരുന്നു. വഴിതെറ്റി അതിർത്തി കടന്നതായാണ് പ്രാഥമിക നിഗമനം. നിലവിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ പാകിസ്ഥാന് കൈമാറുമെന്നാണ് അധികൃതർ അറിയിച്ചു