സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കാസർകോട്: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മഴയില്ലാത്ത ദിവസങ്ങൾ ഇനിയുണ്ടാകില്ല. ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും ഫലമായാണ് മഴയുടെ സ്വഭാവം സംസ്ഥാനത്ത് മാറിയത്.വൈകുന്നേരങ്ങളിൽ മാത്രം ഇടിമിന്നലോടുകൂടി പെയ്യുന്ന വേനൽമഴയ്ക്ക് പകരം ഇപ്പോൾ രാത്രിയും പുലർച്ചെയുമായാണ് മഴ ലഭിക്കുന്നത്. പെട്ടെന്ന് പെയ്തു തോരുന്നതിന് പകരം മണിക്കൂറുകൾ നീളുന്ന മഴ പല ഭാഗത്തുമുണ്ട്. ഇതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ ഗണ്യമായ കുറവുണ്ടായി.

ചൂടിന് ആശ്വാസം

കൊടുംചൂടിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് വേനൽമഴ വലിയ ആശ്വാസമാണ് നൽകിയത്. മഴ കുറഞ്ഞതോടെ മിക്ക ജില്ലകളിലും മുൻപ് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. സൂര്യാഘാത മുന്നറിയിപ്പുകളും സർക്കാർ നൽകിയിരുന്നു. എന്നാൽ മഴ കനത്തതോടെ ചൂട് സാധാരണ നിലയിലേക്ക് എത്തി. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു.വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് പുതിയ വിലയിരുത്തൽ. അടുത്ത രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ഇതേ രീതിയിൽ മഴ തുടരും. ഇതിന് പിന്നാലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിനായി കേരളം ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും കനത്ത വേനൽമഴ വലിയ അനുഗ്രഹമായി. വരൾച്ച നേരിട്ട പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിനും നേരിയ ശമനമുണ്ടായി. കൃഷിനാശം ഭയന്ന കർഷകർക്ക് മഴ ആശ്വാസം നൽകി.

വടക്കൻ ജില്ലകളിലും മഴയെത്തും

സാധാരണ വേനൽമഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് മധ്യകേരളത്തിലാണ്. പ്രത്യേകിച്ച് പത്തനംതിട്ടയിലും സമീപ ജില്ലകളിലും. ഇത്തവണയും ഇതേ പതിവ് ആവർത്തിച്ചു. തെക്കൻ ജില്ലകളിലും ഇതിനകം കനത്ത മഴ ലഭിച്ചു. എന്നാൽ മലബാർ മേഖല ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മഴയുടെ അളവ് വളരെ കുറവായിരുന്നു.കാസർകോട് ജില്ലയിൽ പേരിന് മാത്രമാണ് മഴ ലഭിച്ചത്. എന്നാൽ വരും ദിവസങ്ങളിൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അതുകൊണ്ട് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.രാത്രി സമയങ്ങളിലെ മലയോര യാത്രാവിലക്കുകൾ ജനങ്ങൾ നിർബന്ധമായും അനുസരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. നഗരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത കാണുന്നുണ്ട്.

യെലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ പ്രവചനം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പായി യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്.10ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. 11ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് ഇവിടങ്ങളിൽ പ്രധാനമായും സാധ്യത കാണുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടങ്ങൾക്കും സർക്കാർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.