ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം; ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവ് പിടിയില്‍

ഇടുക്കി :  ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.4 നാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞതായി പൊലീസ് പറയുന്നു.തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു.രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.