"യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുo" : രാഹുൽ ഗാന്ധി

"യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുo" : രാഹുൽ ഗാന്ധി

 കോട്ടയം : യുഡിഎഫ് അധികാരത്തിൽ  വന്നാൽ എല്ലാ KSRTC ബസുകളിലും സ്ത്രീകൾക്ക്  സൗജന്യ യാത്ര, ഡിഗ്രി പഠനം വരെ പെൺകുട്ടികൾക്ക് ആയിരം രൂപ പ്രതിമാസം സ്കോളർഷിപ്പ് എന്നിവ നൽകുമെന്ന് ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി .അതിരമ്പുഴയിലെ  യു.ഡി.എഫ് തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത്  സംസാരിക്കുകയായിരുന്നുരാഹുൽ. അധികാരത്തിൽ വന്നാൽ കേരളത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും സ്ത്രീകൾക്ക് പ്രത്യേകപരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"എൻ്റെ അമ്മയെ അവരുടെ  അമ്മയായിത്തന്നെ പരിപാലിക്കുന്നത് മലയാളി പെൺകുട്ടികളാണ്. അവർ എൻ്റെ അമ്മയുടെ സമീപം സദാസമയവും സ്നേഹമസൃണമായി സഹവസിക്കുന്നതു കൊണ്ടാണ് എനിക്കിവിടെ ഈ മലയാളക്കരയിൽ വന്ന് നിങ്ങളോടൊപ്പം ചെലവഴിക്കാനാകുന്നത് ":രാഹുൽ പറഞ്ഞു. ലോകത്തിൻ്റെ ഏതു കോണിലും മലയാളി നഴ്സുമാർ സേവനനിരതരായിരിക്കുന്നത് കാണാം

അവർ അറിവുള്ളവരാണ് കരുത്തരാണ് ശാന്തരാണ് സഹജീവിസ്നേഹമുള്ളവരാണ് അവർ മലയാളി പെൺകുട്ടികൾ ലോകത്തിന് മാതൃകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.കെ.സി. വേണുഗോപാൽ , ഫ്രാൻസീസ് ജോർജ് , മോൻസ് ജോസഫ് , ചാണ്ടി ഉമ്മൻ, ജോസഫ് വാഴക്കൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു.അതിരമ്പുഴ സെൻ്റ് മേരീസ് പളളി ഗ്രൗണ്ടിൽ ഹെലിക്കോപ്ടറിൽ വന്ന് ഇറങ്ങിയ രാഹുൽ ചന്തമുക്കിലാണ് പ്രസംഗിച്ചത്.

റബറിൻ്റെ  താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുo

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോട്ടയത്തെ പാമ്പാടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.'റബറിന്റെ നാടാണ് കേരളം. 90 ശതമാനം റബ്ബറും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കാര്‍ഷിക മേഖലയില്‍ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്‌നമാണ്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ല്‍ 250 രൂപ പ്രഖ്യാപിച്ച എല്‍ഡിഎഫ് മുന്നണി 2026ല്‍ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്നത്തെ റബറിന്റെ വിപണി വില 220 രൂപയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങള്‍ക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കാനും യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലെത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു' രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുൽ ഇന്ന് കണ്ണൂരും കോഴിക്കോടും 

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന്കണ്ണൂരും കോഴിക്കോട്ടുമെത്തും.രാവിലെ 10:30ന് കണ്ണൂരിൽ  പൊതുസമ്മേളനത്തിൽ പങ്കെടുക്കും.തുടർന്ന് കല്ലാച്ചിയിലും പേരാമ്പ്രയിലും കോർണർമീറ്റിങ് നടക്കും.ബാലുശ്ശേരി മുതൽ നന്മണ്ട വരെ കോൺഗ്രസിന്‍റെ ഗ്യാരണ്ടി ബസ്സിൽ സഞ്ചരിക്കുന്ന രാഹുൽ വൈകിട്ട് കൊയിലാണ്ടിയിൽ ഉള്ള റോഡ് ഷോയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തശേഷം തിരിച്ചുപോകും