പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്ക്; ട്രംപ്

ഏവിയാൻ: പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും വിശ്വസ്തനായ സഖ്യകക്ഷിയാണെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിലെ ഏവിയാനിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമായിരുന്നു ട്രംപിൻ്റെ പ്രതികരണം.സമുദ്രസുരക്ഷ, സാമ്പത്തിക സഹകരണം, ഗൾഫ് മേഖലയിൽ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ ഇന്ത്യ എന്തെങ്കിലും പങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് തീർച്ചയായും ഉണ്ടെന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റിൻ്റെ മറുപടി. എല്ലാ കാര്യങ്ങളിലും ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഈ ഇടപെടൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപാര കരാറിൽ നിർണായക പുരോഗതി
ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ വ്യക്തിബന്ധവും സ്ഥാപനപരമായ മുന്നേറ്റവും അമേരിക്കൻ പ്രസിഡൻ്റ് എടുത്തുപറഞ്ഞു. വാണിജ്യ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിലേക്ക് വളരെ അടുത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനാറ് മാസത്തിലധികമായി ഇരു നേതാക്കളും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നടന്നിരുന്നില്ല. ഇതിന് വിരാമമിട്ടുകൊണ്ടാണ് ഫ്രഞ്ച് കമ്യൂണായ ഏവിയാൻ ലെസ് ബെയ്ൻസിൽ ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ, വ്യാപാര ചർച്ചകൾ എന്നിവ ആഗോള നയതന്ത്രത്തെ സ്വാധീനിക്കുന്ന സമയത്താണ് ഈ നിർണായക കൂടിക്കാഴ്ച നടന്നത്.
ഇന്ത്യൻ നാവികരുടെ സുരക്ഷ പ്രധാനം
പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കയുടെ നയതന്ത്ര ഇടപെടലുകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗൾഫിലെ സമാധാനം ശാശ്വതമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിലെ പുരോഗതിക്ക് ട്രംപ് നൽകുന്ന നേതൃത്വത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഗൾഫ് മേഖലയിലെ സ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഹോർമുസ് കടലിടുക്ക് തുറന്നിടേണ്ടത് അത്യന്താപേക്ഷിതമാണെന്നും ചൂണ്ടിക്കാട്ടി.സംഘർഷഭരിതമായ സമുദ്രമേഖലകളിൽ പ്രവർത്തിക്കുന്ന വാണിജ്യ കപ്പലുകളിലെ ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു. ഇന്ത്യൻ നാവികരുടെ ക്ഷേമത്തിന് ഇന്ത്യ എക്കാലവും മുൻഗണന നൽകുന്നുണ്ടെന്നും അവരുടെ സുരക്ഷ നിർണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലയിൽ ഉയർന്നുവരുന്ന സമാധാന ധാരണകൾക്ക് കീഴിൽ നാവികരുടെ സുരക്ഷയ്ക്ക് മുൻഗണന ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. ഇന്ത്യൻ നേതൃത്വത്തെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് മുമ്പ് നടത്തിയ പരസ്യ പ്രസ്താവനകളോട് ചേർന്നുനിൽക്കുന്നതാണ് ഇപ്പോഴത്തെ ഊഷ്മളമായ പ്രതികരണങ്ങളും. പ്രധാനമന്ത്രിയുമായുള്ള തൻ്റെ മികച്ച ബന്ധത്തെക്കുറിച്ച് ട്രംപ് പലപ്പോഴും സംസാരിക്കാറുണ്ട്.പൊതുവേദികളിൽ നരേന്ദ്ര മോദിയുടെ നേതൃത്വ ശൈലിയെ അദ്ദേഹം പലതവണ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിന് ഈ മാസമാദ്യം യുഎസ് പ്രസിഡൻ്റ് മോദിയെ അഭിനന്ദിച്ചിരുന്നു. ശക്തനും ആരോഗ്യവാനും ബുദ്ധിമാനുമായ മനുഷ്യൻ എന്നാണ് അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.