15,000 കോടി രൂപയുടെഎഎംസിഎ സ്റ്റെൽത്ത് ഫൈറ്റർ നിർമ്മിക്കാൻ ഇന്ത്യ: 3സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണം

ന്യൂഡല്‍ഹി : തദ്ദേശീയ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതിക്കായുള്ള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്‌പി) പ്രതിരോധ മന്ത്രാലയം ഇന്ന് മൂന്ന് സ്വകാര്യ കമ്പനികൾക്ക് നൽകി.ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ ആൻഡ് ട്യൂബ്രോ-ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഫോർജ്-ബിഇഎംഎൽ നേതൃത്വത്തിലുള്ള കൂട്ടായ്മക്ക് 15,000 കോടി രൂപയുടെ ടെന്‍ഡര്‍ ക്ഷണം നല്‍കി പ്രതിരോധ മന്ത്രാലയം.
ഇതോടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് പുറമെ ഇന്ത്യയില്‍ രണ്ടാമത്തെ യുദ്ധവിമാന നിര്‍മാണ കേന്ദ്രത്തിനുകൂടെ വഴിയൊരുങ്ങും.എഎംസിഎ പദ്ധതി വിജയകരമായാല്‍ അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമുള്ള അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്കും ഇടം ലഭിക്കും. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.അമേരിക്കന്‍ ജിഇ 414 എന്‍ജിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഎംസിഎ യുദ്ധവിമാനം പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, ആധുനിക റഡാര്‍ സംവിധാനങ്ങള്‍, ദൂരപരിധിക്കപ്പുറമുള്ള ആക്രമണ ശേഷി, സൂപ്പര്‍ക്രൂസ് കഴിവ് തുടങ്ങിയ അത്യാധുനിക സവിശേഷതകളോടെയായിരിക്കും പുതിയ യുദ്ധവിമാനം എത്തുക.
അടുത്തവര്‍ഷത്തോടെ എഎംസിഎയുടെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2028-29 കാലയളവില്‍ ആദഘട്ട പരീക്ഷണത്തിനായി വിമാനം പറത്തും. 2034ഓടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി 2035 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമാരംഭിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ആറു സ്‌ക്വാഡ്രണുകളിലായി ഏകദേശം 120 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വിന്യസിപ്പിക്കാനാണ് ഇന്ത്യന്‍ വ്യോമസേനയുടെ പദ്ധതി.ചൈനയുടെ ജെ 20, ജെ 35 പോലുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ മേഖലയിലെ ശക്തിസമവാക്യം മാറ്റുന്ന സാഹചര്യത്തിലാണ് ഇന്ത്യ എഎംസിഎ പദ്ധതിക്ക് വേഗം കൂട്ടുന്നത്. ചൈനീസ് സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് പാകിസ്ഥാനെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തില്‍ എഎംസിഎ നിര്‍ണായക ആയുധമാകുമെന്നാണ് വിലയിരുത്തല്‍.
.പുതിയ പദ്ധതിയുടെ പ്രധാനമാറ്റം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എറോണോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) പരിമിത പങ്കാളിത്തമാണ്. ഇന്ത്യയുടെ പ്രതിരോധ - വ്യാവസായിക രംഗത്ത് സ്വകാര്യ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് ഇത്.