ഇന്ത്യൻ ഗവേഷണ സംഘം 2.6 ബില്യൺ വർഷം പഴക്കമുള്ള ഗാലക്‌സി കണ്ടെത്തി

ഇന്ത്യൻ  ഗവേഷണ സംഘം 2.6 ബില്യൺ വർഷം പഴക്കമുള്ള ഗാലക്‌സി കണ്ടെത്തി

മുംബൈ: പ്രപഞ്ചത്തിൻ്റെ രൂപീകരണ ചരിത്രത്തിൽ നിർണായകമായ കണ്ടെത്തലുമായി ഇന്ത്യൻ ശാസ്ത്രലോകം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. മണിപ്പൂരിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞനായ ഡോ റൊണാൾഡോ ലൈഷ്‌റാഡോ നയിച്ച ഗവേഷകസംഘം 12.6 ബില്യൺ വർഷം പഴക്കമുള്ള വൻ ഗാലക്‌സി കൂട്ടായ്‌മ കണ്ടെത്തിയിരിക്കുകയാണ്.ലോക്താക് പ്രോട്ടോക്ലസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ഘടന പ്രപഞ്ചത്തിൻ്റെ ആദ്യകാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് വഴിതുറക്കുന്നതായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഗവേഷണഫലങ്ങൾ പ്രമുഖ ശാസ്ത്ര ജേർണലായ ദി ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്‌സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ടെത്തൽ ഇതിനോടകം തന്നെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

എന്താണ് പ്രോട്ടോക്ലസ്റ്റർ

പ്രോട്ടോക്ലസ്റ്റർ എന്ന് പറയുന്നത് പ്രാരംഭഘട്ടത്തിലുള്ള ഗാലക്‌സികളുടെ വലിയ കൂട്ടായ്‌മയാണ്. കാലക്രമേണ ഗുരുത്വാകർഷണബലത്തിൻ്റെ സ്വാധീനത്തിൽ ഇവ തമ്മിൽ ചേർന്ന് വലിയ ഗാലക്‌സി ക്ലസ്റ്ററുകളായി രൂപപ്പെടുന്നു. ശാസ്ത്രജ്ഞരുടെ ഭാഷയിൽ, ഇത് യുവപ്രപഞ്ചത്തിലെ ഗാലക്‌സികളുടെ നഗരം പോലെയാണ്. ലോക്താക് പ്രോട്ടോക്ലസ്റ്ററിനുള്ളിൽ നാല് സാന്ദ്ര ഗാലക്‌സി കൂട്ടങ്ങൾ ഒരു ഭീമൻ കോസ്‌മിക് ഘടനയുടെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് നമ്മൾ കാണുന്ന വൻ ഗാലക്‌സി ക്ലസ്റ്ററുകളുടെ ആദിമരൂപം ഇതാകാമെന്നാണ് ഗവേഷകർ കരുതുന്നത്.

ഈ ഗാലക്‌സി ഘടന ഭൂമിയിൽ നിന്ന് ഏകദേശം 12.6 ബില്യൺ പ്രകാശവർഷം അകലെയാണുള്ളത്. അതായത്, പ്രപഞ്ചം രൂപപ്പെട്ടിട്ട് വെറും 1.2 ബില്യൺ വർഷം മാത്രമേ കഴിഞ്ഞിരുന്നുള്ളു എന്ന പ്രാചീന ഘട്ടത്തിലാണ് ഈ ഘടന നിലനിന്നിരുന്നത്. പ്രപഞ്ചത്തിൻ്റെ ആദ്യകാല പരിണാമഘട്ടത്തെക്കുറിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിന് പരിമിതമായ അറിവാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ കണ്ടെത്തൽ ഏറെ നിർണായകമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.


ഈ അപൂർവ കണ്ടെത്തൽ സാധ്യമായത് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് നിരീക്ഷണ സംവിധാനങ്ങളായ ജെയിംസ് വെബ് ടെലിസ്കോപ്പും സുബാറു ടെലിസ്കോപ്പും നടത്തിയ നിരീക്ഷണങ്ങളിലൂടെയാണ്. ഹവായിയിൽ പ്രവർത്തിക്കുന്ന ഈ ടെലിസ്കോപ്പുകൾ പ്രപഞ്ചത്തിൻ്റെ ആദ്യകാല ഗാലക്‌സികളെ പഠിക്കാൻ നിർണായക പങ്കുവഹിക്കുന്നവയാണ്.ഇവയിൽ ജെയിംസ് വെബ് ബഹിരാകാശത്ത് പ്രവർത്തിക്കുമ്പോൾ, സുബാറു ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് ടെലിസ്കോപ്പാണ്. പ്രത്യേകിച്ച് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ബിഗ് ബാങ് ശേഷമുള്ള ആദ്യ ഗാലക്‌സികളെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. മനുഷ്യർക്ക് കാണാനാകാത്തത്ര ദൂരെയുള്ള ബഹിരാകാശ ഘടനകളെ കണ്ടെത്താൻ ഈ ടെലിസ്കോപ്പിന് സാധിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ലോക്താക് എന്ന പേരിന് പിന്നിലെ കാരണം

മണിപ്പൂരിലെ പ്രശസ്‌മായ ലോക്തക് തടാകത്തിലുള്ള ഫുംദിസ് എന്നറിയപ്പെടുന്ന ഒഴുകിനടക്കുന്ന സസ്യദ്വീപുകളോട് ഈ ഗാലക്‌സി ഘടനയ്ക്ക് സാമ്യമുണ്ടെന്ന് തോന്നിയതിനാലാണ് ലോക്താക് പ്രോട്ടോക്ലസ്റ്റർ എന്ന പേര് നൽകിയതെന്ന് ഡോ ലെയ്‌ഷ്രം വ്യക്തമാക്കി. ശാസ്ത്രലോകത്തിൻ്റെ ശ്രദ്ധ മണിപ്പൂരിലേക്കും വടക്കുകിഴക്കൻ ഇന്ത്യയിലേക്കും തിരിക്കണമെന്ന ഉദ്ദേശ്യവും ഈ പേരിനുപിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഈ കണ്ടെത്തൽ ഇന്ത്യൻ ശാസ്ത്രഗവേഷണ മേഖലയ്ക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ആഗോള ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന സംഭവമാണിതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഇതോടൊപ്പം ഡാർക്ക് മാറ്റർ, ഗാലക്‌സികളുടെ രൂപീകരണം, പ്രപഞ്ചത്തിലെ വൻ കോസ്‌മിക് ഘടനകളുടെ ഉത്ഭവം തുടങ്ങിയ മേഖലകളിലെ പഠനങ്ങൾക്കും ഈ കണ്ടെത്തൽ പുതിയ ദിശ നൽകുമെന്നാണ് പ്രതീക്ഷ. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വരും വർഷങ്ങളിൽ കൂടുതൽ ആഴത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതിനാൽ പ്രപഞ്ചത്തിൻ്റെ ആദ്യകാല രഹസ്യങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ആരാണ് പ്രപഞ്ചത്തിൻ്റെ രഹസ്യങ്ങൾ തുറന്ന ഈ ശാസ്ത്രജ്ഞൻ

ഡോ റൊണാൾഡോ ലൈഷ്‌റാം മണിപ്പൂരിലെ തൗബൽ ജില്ലയിലെ ഖൻഗാബോക്കിൽ ജനിച്ചുവളർന്നയാളാണ്. ജപ്പാനിലെ തോഹോകു സർവകലാശാലയിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും പൂർത്തിയാക്കിയ അദ്ദേഹം നിലവിൽ ടോക്കിയോയിലെ എൻഎഒജെയിലാണ് പ്രവർത്തിക്കുന്നത്.പ്രപഞ്ചത്തിൻ്റെ ആദ്യകാല ഗാലക്‌സി രൂപീകരണത്തിലും പരിണാമത്തിലും അദ്ദേഹം ഗവേഷണം നടത്തുന്നു, കൂടാതെ അന്താരാഷ്ട്ര ജേണലുകളിൽ നിരവധി പിയർ റിവ്യൂഡ് ജ്യോതിശാസ്ത്ര പ്രബന്ധങ്ങൾ അദ്ദേഹം രചിക്കുകയും ചില പ്രബന്ധങ്ങളിൽ സഹ രചയിതാവാകുകയും ചെയ്‌തിട്ടുണ്ട്.

ജ്യോതിശാസ്ത്രത്തിൽ അദ്ദേഹത്തിന് വളരെ ചെറുപ്പത്തിൽ തന്നെ താല്‌പര്യം തുടങ്ങിയിരുന്നു. 18 വയസ്സുള്ളപ്പോൾ അദ്ദേഹം ഒരു പ്രാഥമിക ഛിന്നഗ്രഹം കണ്ടെത്തി ആ നേട്ടത്തിന് മുൻ രാഷ്ട്രപതി ഡോ എപി ജെ അബ്‌ദുൾ കലാമിൽ നിന്ന് ആദരം ഏറ്റുവാങ്ങിയിരുന്നു.ഗവേഷണത്തിനപ്പുറം മണിപ്പൂരിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ജ്യോതിശാസ്ത്ര അവബോധവും ശാസ്ത്ര വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു സംരംഭമായ മണിപ്പൂർ ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ സ്ഥാപക കോർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം.

മണിപ്പൂരിലെ സാധാരണ ജീവിതത്തിൽ നിന്ന് പ്രപഞ്ചത്തിൻ്റെ അതി ദൂരങ്ങളിലേക്കുള്ള സ്വപ്‌ന യാത്ര. ബാല്യകാലം മുതൽ ആകാശത്തെയും നക്ഷത്രങ്ങളെയും കുറിച്ചുള്ള കൗതുകം അദ്ദേഹത്തെ ജ്യോതിശാസ്ത്ര ഗവേഷണത്തിലേക്ക് നയിച്ചു. പിന്നീട് അന്താരാഷ്ട്ര തലത്തിലെ ഗവേഷകസംഘങ്ങളോടൊപ്പം പ്രവർത്തിച്ച അദ്ദേഹം, ബഹിരാകാശത്തിൻ്റെ ആദികാലഘട്ടത്തെ പഠിക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായി മാറി.തൻ്റെ സ്വപനങ്ങൾക്ക് ചിറക്ക് വെച്ച് പറക്കാൻ ആ യുവ ശാസ്ത്രജ്ഞൻ വെളിച്ചമേകിയത് ഇന്ത്യയുടെ മിസൈൻ മാനായ അബ്‌ദുൽ കലാമിൽ നിന്നുള്ള അനുമോദനവും ആദരവുമാണ്. 18-ാം വയസ്സിൽ ആസ്ട്രോയ്ഡ് (MAUR 397) കണ്ടെത്തിയതിനാണ് 2015 മാർച്ച് 31ന് അദ്ദേഹം കലാമിൽ നിന്നും ആദരം സ്വീകരിച്ചത്. ഈ അപൂർവ നേട്ടത്തിലൂടെ ഇന്ത്യയുടെ 'ആസ്ട്രോയ്ഡ് സ്റ്റാർ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. ആ നിമിഷം പിന്നീടുള്ള അദ്ദേഹത്തിൻ്റെ യാത്രക്ക് ഒരു മിനുന്ന നക്ഷത്രമായി കൂടെ ഉണ്ടായിരുന്നു.