"മോദിയുടെ കാലത്ത് ഇന്ത്യയുടെ സ്വാധീനം വളരെ വലുത് " : ഡൊണാൾഡ് ട്രംപ്

"മോദിയുടെ കാലത്ത് ഇന്ത്യയുടെ സ്വാധീനം വളരെ വലുത് " : ഡൊണാൾഡ് ട്രംപ്

വിയാൻ-ലെ-ബെയ്ൻസ്: ഇന്ത്യക്കെതിരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ഇന്ത്യയെ സഹായിക്കാന്‍ യുഎസ് അവിടെ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഔപചാരിക പ്രതിരോധ കരാറില്ലെങ്കിലും, പ്രതിസന്ധി ഘട്ടങ്ങളിൽ യുഎസ് ഇന്ത്യക്കൊപ്പം ഉണ്ടാകുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന നിർണായകമായ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.ഇന്ത്യക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ രാജ്യം കൂടെയുണ്ടാകുമെന്ന ശക്തമായ പ്രതിരോധ ഉറപ്പാണ് കൂടിക്കാഴ്ചയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകി. ഇന്ത്യ അമേരിക്കയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ഇത് അവിടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.ഇരുരാജ്യങ്ങളും തമ്മിൽ പുതിയ വ്യാപാര കരാറുകൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ആഗോളതലത്തിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യക്ക് വലിയൊരു പങ്ക് വഹിക്കാനുണ്ടെന്നും നരേന്ദ്ര മോദി നയിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ സ്വാധീനം വളരെ വലുതായിരിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

മേഖലയിലെ സുരക്ഷയും നാവിക ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ സംസാരിച്ചു. ലക്ഷക്കണക്കിന് ഇന്ത്യൻ നാവികർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സമുദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സുരക്ഷ തങ്ങൾക്ക് അതീവ പ്രാധാന്യമുള്ളതാണെന്നും മോദി ചൂണ്ടിക്കാട്ടി.ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് ഹോർമുസ് കടലിടുക്ക് തുറന്നുപ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന പുതിയ സമാധാന ഉടമ്പടിയിൽ നാവികരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ റഷ്യയുടെ മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഗണ്യമായി കുറയുന്നുണ്ടെന്നും ഇറാന്‍റെ ആണവായുധ മോഹങ്ങൾക്ക് തടയിടാൻ പുതിയ നീക്കങ്ങളിലൂടെ സാധിക്കുമെന്നും ഇത് പ്രധാനമന്ത്രി മോദിയും ആഗ്രഹിക്കുന്ന കാര്യമാണെന്നും ട്രംപ് സൂചിപ്പിച്ചു