ലെബനനിൽ ഇസ്രയേൽ ആക്രമണം; നാല് മരണം

ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലനിൽക്കെ, തെക്കൻ ലെബനനിലെ നബാത്തിയെയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ നാലുപേർ കൊല്ലപ്പെട്ടു. ലെബനൻ്റെ ദേശീയ വാർത്താ ഏജൻസിയായ എൻഎൻഎയാണ് പുറത്തുവിട്ടത്. യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണകൾക്ക് വിരുദ്ധമായാണ് ഇസ്രയേലിൻ്റെ പുതിയ സൈനിക നീക്കം.നബാത്തിയെ ഗവർണറേറ്റിലെ മെയ്ഫദൂണിൽ രണ്ട് വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ ഡ്രോൺ ആക്രമണം. ഇതിനുപിന്നാലെ ഷൗക്കിൻ ഗ്രാമത്തിലെ മറ്റൊരു വാഹനത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തിയതായി എൻഎൻഎ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം. ലെബനന് നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കാതെ വെടിനിർത്തൽ കരാർ പ്രായോഗികമാകില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സമാധാന നീക്കങ്ങൾക്ക് തിരിച്ചടി
ഇറാനും അമേരിക്കയും തമ്മിലുള്ള ധാരണാപത്രത്തിൻ്റെ പൂർണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നതെന്ന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായാണ് ഇസ്രയേൽ ഇപ്പോൾ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.തെക്കൻ ലെബനനിൽ ഇസ്രയേൽ തുടരുന്ന സൈനിക സാന്നിധ്യം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഈ യുദ്ധകാലത്ത് ഇസ്രയേൽ സൈന്യം കൈയടക്കിയ പ്രദേശങ്ങളിൽ നിന്ന് അവർ പൂർണമായി പിൻവാങ്ങാതെ യുദ്ധം അവസാനിച്ചതായി കണക്കാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തെക്കൻ ലെബനനിലെ ആക്രമണങ്ങൾ ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനിയൻ സായുധ സേനയിൽ നിന്ന് കടുത്ത പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ്റെ ഉന്നത സൈനിക കമാൻഡായ ഖതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി.ലെബനൻ പാർലമെൻ്റ് സ്പീക്കർ നബിഹ് ബെറിയുമായി ഇറാൻ്റെ പ്രതിനിധി മുഹമ്മദ് ബാഗർ ഗാലിബാഫ് ഫോണിൽ സംസാരിച്ചു. ലെബനനെതിരായ യുദ്ധം അവസാനിപ്പിക്കാനും, വീടുകൾ തകർക്കുന്നത് നിർത്താനും, അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറാനും ഇസ്രയേലിനെ അമേരിക്ക നിർബന്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പിന്മാറില്ലെന്ന് ഇസ്രയേൽ
അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, തെക്കൻ ലെബനനിൽ ഇസ്രയേൽ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നീക്കം അനിവാര്യമാണെന്നാണ് ഇസ്രയേലിൻ്റെ നിലപാട്. അമേരിക്കയുമായുള്ള അടുത്ത ഘട്ട ചർച്ചകളിൽ ലെബനനിൽ നിന്നുള്ള ഇസ്രയേൽ സൈന്യത്തിൻ്റെ പിന്മാറ്റം ഇറാൻ ശക്തമായി ആവശ്യപ്പെടുമെന്ന് ഹിസ്ബുല്ലയ്ക്ക് ഉറപ്പ് ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.മാർച്ച് രണ്ടിന് വീണ്ടും പോരാട്ടം ആരംഭിച്ചതിന് ശേഷം ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 3,826 പേർ കൊല്ലപ്പെടുകയും 11,851 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സമാധാന ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും തുടരുന്ന ആക്രമണങ്ങൾ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.