‘കറക്കം’ ഇന്ന് മുതൽ തിയേറ്ററുകളിലേക്ക്

‘കറക്കം’ ഇന്ന് മുതൽ തിയേറ്ററുകളിലേക്ക്

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരീക്ഷണ ചിത്രമായ ‘കറക്കം’ ഇന്നു  മുതൽ തിയേറ്ററുകളിലെത്തുന്നു. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ-കോമഡി ചിത്രമെന്ന പ്രത്യേകതയുമായാണ് ഈ ചിത്രം എത്തുന്നത്. ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും, അതിനെത്തുടർന്നുണ്ടാകുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.‘ചാൾസ് എന്റർപ്രൈസസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാം സി. എസ്. ആണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ഹൊററും കോമഡിയും സംഗീതവും ഒത്തുചേരുന്ന ‘കറക്കം’, മലയാള സിനിമയിൽ തീർത്തും പുതിയൊരു ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.