കർണാടക മുഖ്യമന്ത്രി നാളെ രാജിവെക്കുമെന്ന് സൂചന ; ഗവർണറുടെ സമയം തേടി സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി നാളെ രാജിവെക്കുമെന്ന് സൂചന ; ഗവർണറുടെ സമയം തേടി സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക രാഷ്‌ട്രീയത്തിൽ വൻ നേത്യത്വമാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വ്യാഴാഴ്‌ച രാവിലെ കൂടിക്കാഴ്‌ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന് കത്ത് നൽകി. ഗവർണർ അനുമതി നൽകുന്ന പക്ഷം സിദ്ധരാമയ്യ നാളെത്തന്നെ തൻ്റെ രാജി സമർപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടാക്കിയ അധികാര പങ്കാളിത്ത കരാർ പ്രകാരം സിദ്ധരാമയ്യ മാറിനിൽക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ.

രാഹുലും ഖാർഗെയുമായി നാല് മണിക്കൂർ ചർച്ച

മെയ് 20 ന് മുഖ്യമന്ത്രിയായി മൂന്ന് വർഷം പൂർത്തിയാക്കിയ സിദ്ധരാമയ്യയെ കഴിഞ്ഞ ദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. വരാനിരിക്കുന്ന 2028 ലെ നിയസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കർണാടകത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നാല് മണിക്കൂർ നീണ്ട ചർച്ചയിൽ ഹൈക്കമാൻഡ് അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞാൽ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ പ്രമുഖ പദവിയും രാഹുൽ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായാണ് സൂചന.ജൂൺ 11 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് കോൺഗ്രസിന് മൂന്ന് പേരെ രാജ്യസഭയിലേക്ക് അയക്കാൻ സാധിക്കും. ഡൽഹിയിൽ നടന്ന ചർച്ചകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ജവഹർലാൽ നെഹ്റുവിന്റെ ചരമദിന ചടങ്ങിൽ പങ്കെടുത്ത ശേഷം എല്ലാ കാര്യങ്ങളും നാളെ വിശദമായി സംസാരിക്കാം എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.സിദ്ധരാമയ്യ നാളെ രാജി സമർപ്പിക്കുകയാണെങ്കിൽ നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കർണാടകത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പദത്തിനായി ദീർഘനാളായി കാത്തിരിക്കുന്ന ശിവകുമാർ നിലവിൽ ഡൽഹിയിലാണുള്ളത്. അദ്ദേഹം വ്യാഴാഴ്‌ച രാവിലെ ബെംഗളൂരൂവിൽ തിരിച്ചെത്തും.

അതേസമയം വ്യാഴാഴ്‌ച രാവിലെ തൻ്റെ ഔദ്യോഗിക വസതിയിൽ വെച്ച് എല്ലാ ക്യാബിനറ്റ് സഹപ്രവർത്തകർക്കുമായി സിദ്ധരാമയ്യ ഒരു പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഈ കൂടിക്കാഴ്‌ചയ്ക്ക് ശേഷം വാർത്താസമ്മേളനം വിളിച്ച് ഹൈക്കമാൻഡിൻ്റെ അന്തിമ തീരുമാനം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

സിദ്ധരാമയ്യ രാജിവെക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ നിരവധി മന്ത്രിമാരും കോൺഗ്രസ് എംഎൽഎമാരും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഒഴുക്കിയെത്തി. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, എച്ച് സി മഹാദേവപ്പ, എം സി സുധാകർ, സന്തോഷ് ലാഡ്, എച്ച് കെ പാട്ടീൽ, എം ബി പാട്ടീൽ, ആർ ബി തിമ്മാപൂർ, കെ ജെ ജോർജ്, കെ വെങ്കിടേഷ് എന്നിവർ ബുധനാഴ്‌ച സിദ്ധരാമയ്യയെ സന്ദർശിച്ചു. മാധ്യമ വാർത്തകളിലെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രി ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചതായി എച്ച് കെ പാട്ടീൽ വ്യക്തമാക്കി.