കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ
കേരളം : കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ പ്രയോഗം. ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചത്. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നിലാണ് WE WANT KC… Warm Welcome LEADER എന്ന ഫ്ളക്സ് അനുകൂലികൾ സ്ഥാപിച്ചത്. പിന്നീട് കെ പി സി സി യിലെ അധികൃതർ എത്തി കരിഓയിൽ ഒഴിച്ച ബോർഡ് അകത്തേയ്ക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ കാവൽ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്. പിന്നിൽ ആരാണെന്ന് വ്യക്തമല്ല.കോൺഗ്രസിലെ പോസ്റ്റർ യുദ്ധത്തിനും ഫ്ലക്സ് യുദ്ധത്തിനും ശേഷം തെരുവിൽ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് പ്രവർത്തകർ. തിരുവനന്തപുരം ഉൾപ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശൻ അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികൾ വ്യക്തമാക്കി.അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ്, എംഎൽഎ ഹോസ്റ്റൽ, പാളയം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.അതേ സമയം കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിൽ വിഡി സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ് .

"ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്"
ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് കോൺഗ്രസ്സ്‌നേതാവ് കെ.മുരളീധരൻ എംഎൽഎ . "ജനവികാരം കണക്കിലെടുത്ത് കൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിൻ്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. തീരുമാനം വരട്ടെ. നിലവിൽ ഒരു പ്രശ്നവും ഇല്ല. ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും. ഇതൊരു ജനാധിപത്യ പ്രക്രിയയാണ് അല്ലാതെ ഒരു മണിക്കൂർ കൊണ്ടോ അര മണിക്കൂർ കൊണ്ടോ തീരുമാനിക്കേണ്ട കാര്യമല്ല. 63 കോൺഗ്രസ് എംഎൽഎമാർ ഉണ്ട് അവരുമായി ഘടകകക്ഷികളുമായും ചർച്ച ചെയ്യണം" :കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്തുകൊണ്ടാണ് അഭിപ്രായം പറഞ്ഞിരിക്കുന്നതെന്നും ആരെ മുഖ്യമന്ത്രിയാക്കിയാലും അത് അംഗീകരിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.