കേരളത്തിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് കെജ്‌രിവാൾ

കേരളത്തിലെ ഇഡി റെയ്ഡിന് പിന്നിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ടെന്ന് കെജ്‌രിവാൾ

ന്യുഡൽഹി :മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിടുന്ന ബിജെപി നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം എക്‌സിലൂടെ പ്രതികരിച്ചു. കോൺഗ്രസ് ‘നടപടിയെടുക്കുന്നില്ല’ എന്ന് പരാതിപ്പെട്ടതിന് തൊട്ടുപിന്നാലെ ഇഡി റെയ്ഡ് നടത്തിയത് ബിജെപി-കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുയെന്നും അദ്ദേഹം കുറിച്ചു.അതേസമയം പിണറായി വിജയന്റെ വസതിയിലെ ഇ.ഡി. റെയ്ഡ് ഡൽഹിയിൽ കെജ്‌രിവാളിന് നേരെയുണ്ടായതിന് സമാനമാണെന്നാണ് സിപിഎം ആരോപിച്ചിരുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ബുധനാഴ്ച രാവിലെ മുതൽ നീണ്ട പരിശോധനകളാണ് ഇഡി നടത്തിയത്. ഇതിനെതിരെ സിപിഎം സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ടത് സംഘർഷാവസ്ഥ രൂക്ഷമാക്കിയിട്ടുണ്ട്.