"മണിക്കൂറുകൾക്കുള്ളിൽ സിൽവർലൈൻ പദ്ധതി വേണ്ടെന്ന് വെച്ചവർക്ക് മദ്യത്തിൻ്റെ കാര്യത്തിലും, 'പി.എം. ശ്രീ'യുടെ കാര്യത്തിലും ആ വീര്യമില്ല "

"മണിക്കൂറുകൾക്കുള്ളിൽ സിൽവർലൈൻ പദ്ധതി വേണ്ടെന്ന് വെച്ചവർക്ക് മദ്യത്തിൻ്റെ കാര്യത്തിലും, 'പി.എം. ശ്രീ'യുടെ കാര്യത്തിലും ആ വീര്യമില്ല "

കൊല്ലം: സംസ്ഥാനത്തെ വീര്യ കുറഞ്ഞ മദ്യത്തിന് നികുതിയിളവ് സംബന്ധിച്ച വിഷയത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎ. വീര്യം കുറഞ്ഞ മദ്യ ഉത്‌പ്പാദനവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ബജറ്റിൽ നിർദേശിക്കുകയും ഇതുസംബന്ധിച്ച ബില്ല് വരെ തയ്യാറാക്കി വയ്ക്കുകയും ചെയ്‌ത ശേഷം, പാർട്ടിയിലും മുന്നണിയിലും ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണെന്ന് ബാലഗോപാൽ പറഞ്ഞു.യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുകയാണ്. അസംബ്ലിയിൽ ബില്ല് പാസാക്കിക്കഴിഞ്ഞാൽ അത് പൊതുരേഖയായി മാറുമെന്നിരിക്കെ അതിനുശേഷം യുഡിഎഫിലോ മുന്നണിയിലോ ചർച്ച ചെയ്യുമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സിൽവർലൈൻ പദ്ധതി വേണ്ടെന്ന് വയ്ക്കാൻ മണിക്കൂറുകൾ മാത്രം മതിയായിരുന്നവർക്ക് വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിലും, 'പി.എം. ശ്രീ'യുടെ കാര്യത്തിലും ആ വീര്യവും താൽപര്യവും ഇല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.എൽഡിഎഫ് ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുത്തിരുന്നെങ്കിൽ ഇപ്പോൾ വിപണിയിൽ വീര്യംകുറഞ്ഞ മദ്യം ലഭിക്കുമായിരുന്നില്ലേ. ബെർക്കാഡിക്കെന്നല്ല ആർക്കും അങ്ങനെ നികുതി ഇളവ് നൽകേണ്ടതില്ല എന്നതായിരുന്നു തീരുമാനം. കാർഷിക ഉത്‌പ്പന്നങ്ങളിൽ നിന്നുള്ള ഹോർട്ടി വൈൻ എന്ന സങ്കൽപ്പമായിരുന്നു എൽഡിഎഫിൻ്റേത്. എന്നാൽ അതും പിന്നീട് മദ്യാസക്തിക്ക് ഇടയാക്കുമെന്ന കാരണത്താൽ നികുതി നിശ്ചയിക്കാതെ ഫയൽ മരവിപ്പിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ വൻകിട മദ്യക്കമ്പനികളെയും കോർപ്പറേറ്റുകളെയും സഹായിക്കാൻ വേണ്ടിയാണ് സർക്കാർ ഈ നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. നികുതി നിശ്ചയിച്ച് ഇത്തരം ഉത്‌പ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ എല്ലാവിധ നീക്കങ്ങളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജനങ്ങളുടെ ഓർമ്മശക്തിയെ പരീക്ഷിക്കുന്ന തരത്തിലാണ് ബാർ ലൈസൻസ് സംബന്ധിച്ച പ്രചരണം. മുൻപ് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 748 ബാറുകൾ അടച്ചുപൂട്ടിയത് ധാർമ്മികതയുടെയോ ഏതെങ്കിലും നയത്തിൻ്റെയോ അടിസ്ഥാനത്തിലല്ല. ബാറുകളുടെ അടിസ്ഥാന സൗകര്യ വികസനമില്ലായ്‌മയും ബാർകോഴ വിവാദവുമൊക്കെയാണ് അതിന് ഇടയാക്കിയതെന്നും ബാലഗോപാലൻ പറഞ്ഞു.

പൂട്ടിയ ബാറുകൾക്കെല്ലാം ബിയർ, വൈൻ പാർലറുകൾ അനുവദിച്ചതും അതേ സർക്കാരാണെന്നത് മറക്കരുത്. ബാർ ഉടമകൾ കോടതിയിൽ പോയി അനുകൂല വിധി സമ്പാദിച്ചാണ് ബാറുകൾ തുറന്നത്. അല്ലാതെ എൽഡിഎഫ് ഏതെങ്കിലും നയത്തിൻ്റെ ഭാഗമായി തുറന്നു കൊടുത്തതല്ലെന്നും എംഎൽഎ വ്യക്തമാക്കി.ബജറ്റിലും ഓർഡിനൻസുകളിലും കോർപ്പറേറ്റുകൾക്ക് അനുകൂലമായ വ്യവസ്ഥകൾ കൊണ്ടുവരികയും, അത് പുറത്ത് വരുമ്പോൾ കഴിഞ്ഞ സർക്കാരിനെ പഴിചാരുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പുറത്ത് പറയുന്നത് ഒന്നും മനസിലിരുപ്പ് മറ്റൊന്നുമാണെന്ന് കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങളിൽ നിന്ന് തന്നെ ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ടെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.