മന്തി കഴിക്കുന്ന കൃഷ്‌ണൻ; വിവാദമായി വിഷു പോസ്‌റ്റർ, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ, മാപ്പുമായി മെഹർ മന്തി ഉടമകള്‍

മന്തി കഴിക്കുന്ന കൃഷ്‌ണൻ; വിവാദമായി വിഷു പോസ്‌റ്റർ, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ, മാപ്പുമായി മെഹർ മന്തി ഉടമകള്‍

ആലപ്പുഴ: വിഷു ആശംസകളുടെ ഭാഗമായി ശ്രീകൃഷ്‌ണന്‍ മന്തി കഴിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ച ചേര്‍ത്തലയിലെ 'മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ്' എന്ന സ്ഥാപനത്തിനെതിരെ വ്യാപക പ്രതിഷേധം. ഹൈന്ദവ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്‌റ്റോറിൻ്റെ നടപടിയെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കടുക്കുന്നത്.അതിനിടെ സംഭവത്തില്‍ മാപ്പു പറഞ്ഞ് കടയുടമ രംഗത്ത് വന്നു. പോസ്‌റ്റര്‍ ചെയ്യാന്‍ ഏല്‍പ്പിച്ച ആളിൻ്റെ അറിവില്ലായ്‌മയാണ് ഇതിന് കാരണം എന്നും തങ്ങൾ അതിനു ക്ഷമ ചോദിക്കുന്നു എന്നും കടയുടമകൾ പറഞ്ഞു. സംഭവത്തില്‍ നിയമപാലകര്‍ ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സ്ഥാപനത്തിനെതിരെ വന്‍തോതിലുള്ള സൈബര്‍ ആക്രമണവും ബഹിഷ്‌കരണ ആഹ്വാനങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. 

. ഇത് കേവലം വിഷു ആശംസാ കാർഡല്ലെന്നും ഈ തെമ്മാടിത്തരം വച്ചു പൊറുപ്പിക്കല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു. വിവാദ ചിത്രം പുറത്ത് വന്നിട്ട് മൂന്ന് ദിവസമായെന്നും ഇതുവരെ അധികാരപ്പെട്ടവരാരും ഇതി അറിഞ്ഞില്ലേ എന്നും ശശികല പറഞ്ഞു.ഈ കട കച്ചവടത്തിന് വേണ്ടി തുറന്നതല്ല. ഇതിനു പിന്നിൽ ദുരുദ്ദേശമുണ്ട്. ആയതിനാൽ ഈ കട അധികൃതർ തന്നെ പൂട്ടിക്കുമെന്ന് കരുതാം. അല്ലെങ്കിൽ കൃഷ്‌ണ ഭക്തർ ആ പണി ഏറ്റെടുക്കേണ്ടി വരുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ പറഞ്ഞു.സംഭവത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധമാണ് സൈബർ ഇടങ്ങളിലും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും മെഹറിലേക്ക് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഇതേതുടർന്ന് കട താൽക്കാലികമായി അടച്ചിട്ടു.