കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു

കെഎസ്ആർടിസിയിൽ സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഒരുക്കുന്നതിന് മുന്നോടിയായി വനിതാ യാത്രക്കാരുടെ എണ്ണമെടുക്കാനുള്ള ജെന്‍ഡര്‍ ടിക്കറ്റിങ്  ഇന്ന്  മുതല്‍ സംസ്ഥാനത്ത് തുടങ്ങി.ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ്  പ്രാബല്യത്തില്‍ വന്നത്.ഇനിമുതൽ എല്ലാ ടിക്കറ്റുകളിലും യാത്രക്കാര്‍ സ്ത്രീയാണോ പുരുഷനാണോയെന്ന് രേഖപ്പെടുത്തും. ടിക്കറ്റില്‍ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നതിന് താഴെയായിട്ടാണ് സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം രേഖപ്പെടുത്താന്‍ സ്ഥലമുള്ളത്.യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ഇന്ദിരാ ഗ്യാരൻ്റികള്‍ എന്നപേരില്‍ അഞ്ചിന കാര്യങ്ങള്‍ നടപ്പാക്കുമെന്ന് രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞിരുന്നു. അതിലൊന്നാണ് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര.

ഇന്ന് രാവിലെ തന്നെ സ്ത്രീ പുരഷന്മാരുടെ എണ്ണം രേഖപ്പെടുത്താന്‍ സൗകര്യമുള്ള ടിക്കറ്റ് റോളുകള്‍ ലഭിച്ചെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് നല്‍കുന്ന ഓരോ ടിക്കറ്റിലും യാത്രചെയ്യുന്ന സ്ഥലത്തിനൊപ്പം സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം രേഖപ്പെടുത്തണo യാത്രക്കാരുടെ എണ്ണമറിയാനുള്ള ഈ കണക്കെടുപ്പ് എത്ര ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന് ജീവനക്കാർ പറയുന്നു.യുഡിഎഫ് മന്ത്രിസഭാ രൂപവത്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുങ്ങിയത് പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് യാത്രക്കാര്‍  പറയുന്നത്. യാത്രക്കാര്‍ ജെന്‍ഡര്‍ ടിക്കറ്റിങിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോഴും പലരുടേയും മനസില്‍ പദ്ധതി നടപ്പാകുമോയെന്ന ആശങ്ക അവശേഷിക്കുന്നുണ്ട്. സ്ത്രീകളുടെ എണ്ണം എടുക്കലില്‍ ഒതുങ്ങാതെ പദ്ധതി നടപ്പാകണമെന്ന് യാത്രക്കാരികൾ  പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനം നടപ്പാക്കാനുള്ള നടപടി യുഡിഎഫ് ഭരണം ലഭിച്ചതിൻ്റെ ആദ്യ നാളുകളില്‍തന്നെ തുടങ്ങിയതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇത് ആദ്യ പടിയില്‍ നിലയ്ക്കാതെ പദ്ധതി പൂര്‍ത്തിയാവട്ടെയെന്ന പ്രതീക്ഷയും ഒരു യാത്രക്കാരി  പങ്കുവെച്ചു.

നിലവില്‍ 2700 കോടി കടം

നിലവില്‍ കെഎസ്ആര്‍ടിസി 2700 കോടി രൂപയുടെ കടത്തിലാണെന്നും സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര നടപ്പാക്കുന്നതോടെ എല്ലാ മാസവും 105 കോടി രൂപയില്‍ കുറയാത്ത അധിക നഷ്‌ടം കോര്‍പ്പറേഷന് ഉണ്ടാവുമെന്നും കേരളാ ട്രാന്‍സ്‌പോര്‍ച്ച് എംപ്ലോയീസ് യൂണിയന്‍ എഐടിയുസി ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ പറഞ്ഞു.സാധാരണ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം ഏകദേശം ഏഴു കോടി മുതല്‍ എട്ടു കോടി രൂപവരെയാണ്. കെഎസ്ആര്‍ടിസി ബസുകളിലെ പകുതി യാത്രക്കാരും സ്ത്രീകളാണ്. അവരുടെ യാത്ര സൗജന്യമാവുന്നതോടെ കോര്‍പ്പറേഷൻ്റെ പ്രതിദിന വരുമാനം ഏകദേശം മൂന്നര കോടി രൂപയായി കുറയും.

കോര്‍പ്പറേഷൻ്റെ നിലവിലെ വരുമാനത്തില്‍ പോലും ശമ്പളവും പെന്‍ഷനും നല്‍കാന്‍ എല്ലാ മാസവും 125 കോടി രൂപ സര്‍ക്കാര്‍ നല്‍കുകയാണ്. 50 കോടി ശമ്പളത്തിനും 75 കോടി രൂപ പെന്‍ഷനും. സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കുന്നതോടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടാവാന്‍ പോകുന്ന വരുമാനത്തിലെ ഇടിവ് ശമ്പള, പെന്‍ഷന്‍ വിതരണത്തെ ബാധിക്കുമോയെന്ന് തങ്ങള്‍ക്ക് ആശങ്കയുണ്ട്. പദ്ധതി നടപ്പാക്കുമ്പോള്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ പറഞ്ഞു.

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം

ഇന്ദിരാ ഗ്യാരൻ്റിയില്‍ ഊന്നിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിയത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്', യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനായി 5,00,000 രൂപ പലിശ രഹിത വായ്‌പ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങള്‍.