കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മധ്യപ്രദേശ് പൊലീസിനോട് റിപ്പോർട്ട് തേടി കോടതി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹ കേസില്‍ മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി. മെയ് 20ന് റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി എംപി ഷിബുവിൻ്റെതാണ് ഉത്തരവ്.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, വിദ്യാഭാസ മന്ത്രി വി ശിവന്‍ കുട്ടി, ആക്‌ടിങ് ജില്ലാ സെക്രട്ടറി എഎ റഹീം, പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവ ക്ഷേത്രം പ്രസിഡൻ്റ് എന്‍ ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരന്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരമ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.പെണ്‍കുട്ടിയുടെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളില്‍ കാണുന്നു. വ്യത്യസ്‌ത മത വിഭാഗത്തില്‍പ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാന്‍ കഴിയില്ലെന്ന സാങ്കേതിക പിഴവും ഹര്‍ജിയില്‍ പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത വിവാഹം നടത്തിയ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് പെൺകുട്ടി

ദേശീയ പട്ടികവർഗ കമ്മിഷൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഫർമാൻഖാനെതിരെ മധ്യപ്രദേശ് പൊലീസാണ് പോക്സോ നിയമപ്രകാരം ആദ്യം കേസെടുത്തത്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് കമ്മിഷൻ്റെ കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ പൊലീസ് നടപടികൾ തുടരുന്നത്.തനിക്ക് പ്രായപൂർത്തിയായെന്ന് വ്യക്തമാക്കുന്ന ആധാർ കാർഡിൻ്റെ പകർപ്പ് സഹിതമാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പെണ്‍കുട്ടി പരാതി നൽകിയിരിക്കുന്നത്. തങ്ങൾ നിയമപരമായാണ് വിവാഹിതരായതെന്നും കേരളത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് പെൺകുട്ടിയുടെ ആവശ്യം. വിഷയത്തിൽ ഇടപെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, ഫർമാൻഖാൻ്റെ അറസ്‌റ്റ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ ശ്രീനൈനാർ ദേവിക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നാണ് കേരള പൊലീസിൻ്റെ മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റ് വഴി പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹം നടന്നതെന്നും പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.എങ്കിലും, പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയും ദേശീയ പട്ടികവർഗ കമ്മിഷൻ്റെ ഇടപെടലും കേസിനെ സങ്കീർണമാക്കിയിരിക്കുകയാണ്. മെയ് 20 വരെ ഫർമാൻഖാൻ്റെ അറസ്‌റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത് ഇവർക്ക് താത്‌ക്കാലിക ആശ്വാസമാകുന്നുണ്ട്. മധ്യപ്രദേശ് പൊലീസിൻ്റെ തുടർനടപടികളും കേരള പൊലീസിൻ്റെ നിലപാടും ഈ കേസിൽ നിർണായകമാണ്.