ആന്ധ്രയിൽ തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; എട്ടുപേർക്ക് ദാരുണാന്ത്യം,12 പേർക്ക് ഗുരുതര പരിക്ക്

ആന്ധ്രയിൽ തീർഥാടകരുടെ വാഹനത്തിൽ ലോറിയിടിച്ചു; എട്ടുപേർക്ക് ദാരുണാന്ത്യം,12 പേർക്ക് ഗുരുതര പരിക്ക്

 അമരാവതി: ആന്ധ്രാപ്രദേശിലെ കുർണൂലിൽ തീർഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ എട്ടുപേർ മരിച്ചു. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നുള്ള തീർഥാടകരാണ് മരിച്ചത്. അപകടത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പുലർച്ചെ കുർണൂൽ ജില്ലയിലെ മന്ത്രാലയം മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നും ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്ര ദർശനത്തിനായി പോയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

ഇവർ സഞ്ചരിച്ച ബൊലേറോ വാഹനം എതിരെ വന്ന ഒരു റെഡി-മിക്സ് കോൺക്രീറ്റ് ലോറിയുമായി അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെയായിരുന്നു വാഹനങ്ങൾ കൂട്ടിയിടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തീർഥാടകർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്നു.അപകടസ്ഥലത്തുവച്ചുതന്നെ അഞ്ചുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 12 പേരെ ഉടൻതന്നെ എമ്മിഗന്നൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നുപേർ കൂടി മരിക്കുകയായിരുന്നു. പരിക്കേറ്റ ബാക്കിയുള്ളവർ ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.വിവരമറിഞ്ഞയുടൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് റോഡിലെ വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലർച്ചെ സമയമായതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അതോ അമിതവേഗമാണോ അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അടിയന്തര ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു.പ്രിയപ്പെട്ടവരെ നഷ്‌ട‌പ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ കുറിച്ചു. തുടർനടപടികൾ സ്വീകരിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദേശിച്ചു.