കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും കത്തിയമർന്നു

എറണാകുളം: കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും കത്തിയമർന്നു.ഇന്ന് വൈകുന്നേരത്തോടെ സൗത്ത് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള നാഷണൽ ഹൈവേയിലായിരുന്നു അപകടം. വാഹനത്തിൽ നിന്ന് പുക ഉയർന്നയുടൻ യാത്രക്കാർ സമയോചിതമായി ഇറങ്ങി മാറിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.അന്യസംസ്ഥാനക്കാരനായ പ്രശാന്തും കുടുംബവും സഞ്ചരിച്ച വാഹനമാണ് കത്തിയത്. കോഴിക്കോട്ട് നിന്നും കൊച്ചി ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. കളമശ്ശേരിയിൽ എത്തിയപ്പോൾ വാഹനത്തിന്റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് പ്രശാന്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി കുടുംബത്തോടൊപ്പം പുറത്തിറങ്ങി. നിമിഷങ്ങൾക്കകം തന്നെ കാർ പൂർണ്ണമായും കത്തി അമർന്നു.
വിവരമറിഞ്ഞ് തൃക്കാക്കരയിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. എങ്കിലും വാഹനം പൂർണ്ണമായി നശിച്ചിരുന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ദീർഘനേരം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടർന്ന് കളമശ്ശേരി പോലീസും ട്രാഫിക് പോലീസും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.