'മാൻ ഓഫ് ദ മാച്ച്‌ '- പി.കെ കുഞ്ഞാലികുട്ടി-85327 വോട്ടിന്‍റെ ഭൂരിപക്ഷം

'മാൻ ഓഫ് ദ മാച്ച്‌ '- പി.കെ കുഞ്ഞാലികുട്ടി-85327 വോട്ടിന്‍റെ ഭൂരിപക്ഷം

കേരളം : വോട്ടുകളെല്ലാം എണ്ണിത്തീര്‍ന്നപ്പോള്‍ സംസ്ഥാനത്ത് ഇക്കുറി ഏറ്റവും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷം നേടിയിരിക്കുന്നത് മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയായ പി കെ കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയുടെ പാര്‍ലമെന്‍ററി രാഷ്‌ട്രീയത്തിലെ ഏഴാം അങ്കത്തിലാണ് ഈ ചരിത്ര നേട്ടമെന്നതും ശ്രദ്ധേയമാണ്. 85327 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് ഇക്കുറി പി കെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭയിലേക്ക് എത്തുന്നത്.ആകെ 131632 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ശരദ്‌പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)യുടെ കെ ടി മുജീബ് റഹ്‌മാനെയാണ് കുഞ്ഞാലിക്കുട്ടി കൂറ്റന്‍ ഭൂരിപക്ഷത്തിന് മലര്‍ത്തിയടിച്ചത്.തിരൂരങ്ങാടിയിലെ പിഎംഎ സമീര്‍ ആണ് ഭൂരിപക്ഷത്തില്‍ രണ്ടാമന്‍. 63387 വോട്ടിന്‍റെ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. സിപിഐയുടെ അജിത് കൊളാടിയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സമീര്‍ ആകെ 111869 വോട്ടുകള്‍ സ്വന്തമാക്കി.

മഞ്ചേരിയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ.എം റഹ്‌മത്തുള്ള 57887 വോട്ടിന്‍റെ ഭൂരിപക്ഷം സ്വന്തമാക്കി. ആകെ അദ്ദേഹത്തിന് ലഭിച്ചത്113622 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന വി എം മുസ്‌തഫയായിരുന്നു അദ്ദേഹത്തിന്‍റെ മുഖ്യ എതിരാളി.56017 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ കൊണ്ടോട്ടിയില്‍ നിന്നുള്ള ടി പി അഷ്‌റഫ് അലിയാണ് ഭൂരിപക്ഷത്തിലെ നാലാമന്‍. ഇദ്ദേഹവും മുസ്ലീം ലീഗ് നേതാവ് തന്നെയാണ്. സിപിഎമ്മിന്‍റെ ഡോ.പി ജിജിയെ ആണ് അദ്ദേഹം കൂറ്റന്‍ ഭൂരിപക്ഷത്തിന് തറപറ്റിച്ചത്.നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 54851 വോട്ടിന്‍റെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥി യു അഷ്‌റഫ് അലി ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന എതിരാളി. ലീഗ് ഇതര സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന വ്യക്തിയെന്ന പ്രത്യേകതയും ആര്യാടന്‍ ഷൗക്കത്തിനുണ്ട്.കോട്ടയ്ക്കലിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പ്രൊഫ. അബിദ് ഹുസൈന്‍ തങ്ങള്‍ 54325 വോട്ടിന്‍റെ ഭൂരിപക്ഷം നേടി.

യുവ നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിന്‍റെ ചാണ്ടി ഉമ്മനാണ്. പുതുപ്പള്ളിയില്‍ നിന്ന് ജനവിധി തേടിയ അഡ്വ ചാണ്ടി ഉമ്മന് 52907 വോട്ടിന്‍റെ ഭൂരിപക്ഷമാണ് നേടാനായത്. സിപിഎമ്മിന്‍റെ കെ എം രാധാകൃഷ്‌ണനായിരുന്നു മണ്ഡലത്തില്‍ ചാണ്ടിയുടെ പ്രധാന എതിരാളി. സംസ്ഥാനത്ത് ഏഴാമത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് ചാണ്ടിയുടേത്.വള്ളികുന്നിലെ ലീഗ് സ്ഥാനാര്‍ത്ഥി ടി വി ഇബ്രാഹിമിന് 51289 വോട്ടിന്‍റെ ഭൂരിപക്ഷമുണ്ട്. സംസ്ഥാനത്തെ എട്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.മുസ്‌തഫ ആയിരുന്നു മുഖ്യ എതിരാളി.


വനിതാ നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമതോമസാണ് സംസ്ഥാനത്തെ ഒന്‍പതാമത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത്. 50211 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉമയ്ക്കുള്ളത്. സിപിഎമ്മിന്‍റെ അഡ്വ.പുഷ്‌പദാസായിരുന്നു മുഖ്യഎതിരാളി.സംസ്ഥാനത്ത് ഒന്‍പത് പേരാണ് അന്‍പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയത് എന്ന പ്രത്യേകതയുമുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കുറവ് ഭൂരിപക്ഷം നേടി നിയമസഭയിലെത്തുന്നത് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥാണ്. 126 വോട്ടാണ് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. മണലൂരില്‍ കോണ്‍ഗ്രസിന്‍റെ ടി എന്‍ പ്രതാപനെയാണ് സിപിഎമ്മിന്‍റെ രവീന്ദ്ര നാഥ് പരാജയപ്പെടുത്തിയത്.അഴീക്കോട് മണ്ഡലത്തിലെ കെ വി സുമേഷാണ് കുറഞ്ഞ ഭൂരിപക്ഷത്തില്‍ രണ്ടാമതുള്ളത്. ഇദ്ദേഹത്തിന് 349 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കിട്ടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ സുമേഷിന്‍റെ മുഖ്യ എതിരാളി മുസ്ലീം ലീഗിന്‍റെ അഡ്വ.കരീം ചെല്ലേരി ആയിരുന്നു.

കഴക്കൂട്ടത്ത് താമര വിരിയിച്ച വി മുരളീധരനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ മൂന്നാമന്‍. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനോട് 428 വോട്ടിനാണ് ഇഞ്ചോടിഞ്ച് പൊരുതി മുരളീധരന്‍ നിയമസഭയിലേക്ക് എത്തുന്നത്.കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ധനമന്ത്രി കൂടിയായ കെ എന്‍ ബാലഗോപാല്‍ 1286 വോട്ടിന് അവസാന നിമിഷം വിജയ കണ്ടു. അദ്ദേഹമാണ് കുറഞ്ഞ ഭൂരിപക്ഷത്തില്‍ നാലാമന്‍. കൂത്തുപറമ്പില്‍ രാഷ്‌ട്രീയ ജനതാദളിന്‍റെ പി കെ പ്രവീണ്‍ 1286 വോട്ട് നേടി കുറഞ്ഞ ഭൂരിപക്ഷത്തില്‍ അഞ്ചാമനായി. മുസ്ലീം ലീഗിന്‍റെ ജയന്തരി രാജനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കെ കെ ശൈലജയായിരുന്നു ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജനായിരുന്നു ഭൂരിപക്ഷത്തില്‍ രണ്ടാമന്‍.