മേരിപോൾ : മുംബൈ മലയാള നാടകവേദിയുടെ ആദ്യ നായിക

1972നുശേഷം മുംബൈ മലയാളനാടകവേദിയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച നടിയായിരുന്നു കഴിഞ്ഞദിവസം എറണാകുളത്തെ ജന്മദേശത്ത് അന്തരിച്ച മേരിപോൾ. വസായിയിൽ താമസിച്ചിരുന്ന ആന്തരിച്ചനടൻ പ്രേംജിയുടെ പേരകുട്ടിയായിരുന്ന ഉമാദേവി അന്തർജ്ജനമായിരുന്നു മുംബൈ മലയാള നാടകരംഗത്ത് ആദ്യമായിഅഭിനയിക്കാനായി മുന്നോട്ടുവന്ന ഒരു വനിത. അതുവരെസ്ത്രീവേഷവും ചെയ്തിരുന്നത് പുരുഷന്മാരായിരുന്നു.കുറച്ചു നാടകത്തിൽ മാത്രമാണ് ഉമാദേവി ചെറിയ വേഷം ചെയ്‌തിരുന്നത് . എന്നാൽ ഒരു പ്രഫഷണൽ നടിയായി നിരവധി നാടകവേദികളിൽ നിറഞ്ഞുനിന്ന കലാകാരിയായിരുന്നുമേരിപോൾ. ഏകദേശം നൂറോളം നാടകങ്ങളിൽ മേരിപോൾ വേഷമിട്ടുണ്ട് .
ഒരുകാലത്ത് നാൽപത്തിയഞ്ചോളം നാടക സംഘങ്ങളുണ്ടായിരുന്ന മുംബൈയിൽ, അന്ന് സജീവമായിരുന്ന പ്രധാനപ്പെട്ട നാടകട്രൂപ്പുകളിലെല്ലാം മേരി അഭിനയിച്ചിരുന്നുവെന്ന് പഴയകാല നാടകപ്രവർത്തകനും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം പറയുന്നു. അദ്ദേഹത്തോടൊപ്പം' റ്റാറ്റ 'യിൽ ജോലിചെയ്‌തിരുന്ന അഗസ്റ്റിൻ ഫെർണാണ്ടസ് ,കെജി.ചെറിയാൻ ,ബോണി റോഡ്രിഗ്‌സ് എന്നിവർ രൂപം കൊടുത്ത ' രാഗം തിയേറ്റേഴ്സി'ൻ്റെ ഇരുപത്തിരണ്ടോളം നാടകങ്ങളിലെ മിക്കതിലും മേരിപോൾ അഭിനയിച്ചിട്ടുണ്ട് . ഡോംബിവലി സമാജത്തിനുവേണ്ടി താൻ സംവിധാനം ചെയ്‌ത രണ്ട് നാടകങ്ങളിലും മേരിപോൾ അഭിനയിച്ചിരുന്നു എന്ന് പവിത്രൻ കണ്ണപുരം പറഞ്ഞു .ഏറെകാലം ഡോംബിവ്‌ലിയിലായിരുന്നു അവർ താമസിച്ചിരുന്നത് .
"വളരെ ആത്മാർത്ഥതയോടെയിരുന്നു അവർ നാടകത്തെ സമീപിച്ചിരുന്നത്.ആ ഒരു ഡെഡിക്കേഷനൊന്നും പുതിയ തലമുറയിൽകാണില്ല.വളരെ ബുദ്ധിമുട്ടി മുന്നോട്ടുപോയിരുന്ന ജീവിതസാഹചര്യത്തിലും നാടകാഭിനയത്തോട് അവർക്ക് പ്രത്യേക മമതയായിരുന്നു. ": കണ്ണപുരം സ്‌മരിച്ചു .
ആദം തിയേറ്റേഴ്സ് ,രാഗം തിയേറ്റേഴ്സ് ,മുംബൈ പ്രതിഭാ തിയേറ്റേഴ്സ് തുടങ്ങിയ നാടകസംഘങ്ങളിലെ സ്ഥിരംസാന്നിധ്യമായിരുന്ന മേരിപോളിൻ്റെ സഹപാഠിയും നാടകത്തിലെ സഹപ്രവർത്തകയുമായ വത്സലാമേനോൻ പിന്നീട് സിനിമയിൽ സജീവമായി .
പതിനാറാമത്തെ വയസ്സിൽ വിവാഹിതയായി മുംബൈയിലെത്തിയ മേരിപോളിൻ്റെ ആദ്യകാല നഗരജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.ഒരു വരുമാനമാർഗ്ഗം കൂടിയായിരുന്നു അന്നവർക്ക് നാടകപ്രവർത്തനം. യാത്രാബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്ന പഴയകാലത്ത് ,മുംബൈയുടെ പലഭാഗങ്ങളിലും നടന്നിരുന്ന റിഹേഴ്‌സലുകളിൽ കൃത്യനിഷ്ഠതയോടെ എത്തിച്ചേരാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .ഒരു നാടകത്തിൽ അഭിനയിച്ചാൽ അന്ന് നടിമാർക്ക് നൽകിയിരുന്നത് 800 രൂപയായിരുന്നു.
ഭർത്താവ് പോൾ നേവൽ ഡോക്‌യാർഡിലെ ജീവനക്കാരനായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങിയിരുന്ന കുടുംബം.ഒരു നാടകത്തിൽ അഭിനയിക്കാൻ വിളിച്ചാൽ ജീവിതപ്രയാസങ്ങളൊക്കെ പൂർണ്ണമായും വിസ്മരിക്കും എന്ന് ഒരു അഭിമുഖത്തിൽ മേരിപോൾ പറഞ്ഞിരുന്നു.
മുംബൈ മലയാള നാടകവേദിയുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന അന്തപ്പൻ അദ്ദേഹത്തിൻ്റെ 'ആദം തിയേറ്റേഴ്‌സി'നുവേണ്ടി ഒരുക്കിയ ഭൂരിഭാഗം നാടകങ്ങളിലും മേരിപോൾ വേഷമിട്ടിട്ടുണ്ട്.അന്തപ്പൻ ,അച്യുതൻ ,അഗസ്റ്റിൻ , പവിത്രൻ കണ്ണപുരം ,അഭിനയ രംഗത്ത് സജീവമായിരുന്ന ബാലാജി( പേരുകൾ അപൂർണ്ണം ) ഇവരൊക്കെ ചേർന്ന് നാടകത്തിൻ്റെ ഒരു വസന്തകാലം മുംബൈ മലയാള ഭൂമികയിൽ തീർത്തകാലത്ത് അതിൽ തിളങ്ങിനിന്ന ഒരു താരമായിരുന്നു മേരിപോൾ. സൂര്യകൃഷ്ണമൂർത്തി കേരളസംഗീതനാടക അക്കാദമി ചെയർമാനായിരുന്ന കാലത്ത്, മുതിർന്ന പ്രവാസി കലാകാരന്മാർക്ക് സമ്മാനിച്ചിരുന്ന 'കലാശ്രീ' പുരസ്ക്കാരം മേരിപോളിന് നൽകി ആദരിച്ചിരുന്നു . എങ്കിലും അർഹതപ്പെട്ട ഒരംഗീകാരം പ്രതിഭകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് വസിച്ച മുംബൈയിൽ നിന്ന് അവർക്ക് ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. തൊണ്ണൂറാമത്തെ വയസ്സിലാണ് ഈ ലോകത്തോട് ഇന്നലെ മേരിപോൾ വിട പറഞ്ഞത് .
വേൾഡ് എം ന്യൂസ് ആദരാജ്ഞലികൾ അർപ്പിക്കുന്നു.