മാസപ്പടിക്കേസ്: വിധി വരുന്നത് വരെ തുടർനടപടികൾ പാടില്ല, ഇഡിക്ക് നിര്‍ദേശവുമായി ഹൈക്കോടതി

മാസപ്പടിക്കേസ്: വിധി വരുന്നത് വരെ തുടർനടപടികൾ പാടില്ല, ഇഡിക്ക് നിര്‍ദേശവുമായി ഹൈക്കോടതി

എറണാകുളം: മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്‌ച വിധി പറയും. വാദം പൂർത്തിയായ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിധി വരുന്നത് വരെ തുടർനടപടികൾ പാടില്ലെന്ന് ഇഡിയ്ക്ക് നിർദേശം നൽകി. കേസില്‍ എന്‍ഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കവെയാണ് നിര്‍ണായക നിരീക്ഷണം. തുടർനടപടി പാടില്ലെന്ന നിർദേശം സി.എം.ആർ.എൽ ഉൾപ്പെടെയുള്ള ഹർജിക്കാർക്ക് മാത്രമാണ് ബാധകമെന്നും വീണയടക്കം അപ്പീലിൽ കക്ഷി അല്ലാത്തവർക്ക് എതിരെ നടപടി തുടരാമെന്നും ഇഡിയുടെ അഭിഭാഷകൻ വ്യക്തത വരുത്തി.

കേസിൽ ഇ.ഡി അന്വേഷണത്തിന് അടിയന്തര സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇഡി അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു. സിഎംആര്‍എലിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര ഓൺലൈനായി ഹാജരായി. അന്വേഷണം നടത്താൻ ഇ.ഡിയ്ക്ക് അധികാരമില്ലെന്ന് സി.എം.ആർ.എല്‍ വാദിച്ചെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. 2024 മുതലുള്ള ചെറിയ പ്രശ്‌നമല്ലേ , വാദം ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും ഇരുകൂട്ടരോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്തിമ വാദം കേട്ട കോടതി വെള്ളിയാഴ്‌ച വിധി പറയും.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി രജിസ്റ്റര്‍ ചെ്‌ത കേസില്‍ അന്വേഷണങ്ങളും നല്‍കിയ സമന്‍സുകളും ചോദ്യം ചെയ്‌താണ് സിഎംആര്‍എല്‍ പുതിയ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിത്. അതേസമയം, ഇഡിയുടെ അന്വേഷണം പൂര്‍ണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആര്‍എല്‍ അപ്പീലില്‍ പ്രധാനമായും ഉന്നയിച്ച വാദം. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടര്‍നടപടികളും നിര്‍ത്തിവയ്ക്ക‌ണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയുണ്ടായിരുന്നു. ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ അപ്പീല്‍ നല്‍കിയിരുന്നത്. അതേസമയം, അന്വേഷണം തടയണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് അഞ്ചാമതായി ഈ കേസ് പരിഗണിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം നടത്താൻ ഇ.ഡിക്ക് പൂർണ അധികാരമുണ്ടെന്നും, സമൻസുകൾ റദ്ദാക്കാനാകില്ലെന്നുമായിരുന്നു കോടതി നിലപാട്. ഈ ഉത്തരവോടെ ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കുകയും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിലും സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സിമുലേറ്റഡ് റെയ്ഡുകൾ അരങ്ങേറുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് സിഎംആർഎൽ അടിയന്തര സ്റ്റേ ആവശ്യവുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.